തൃശൂര്‍: ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ലെന്നും അഴിമതികളും ക്രമക്കേടുകളും കണ്ട് മനംമടുത്തെന്നും സിപിഎം കാരനായ കരുവന്നൂര്‍ ബാങ്കിലെ പേര് വെളുപ്പെടുത്താത്ത മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.
ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്റെ യഥാര്‍ത്ഥ ഭൂവുടമയെ എനിക്കാറിയാം. ഈ ഭൂമിയുടെ ആധാരം വെച്ച് 12 പേരാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. ഇത് സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ ‘എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ’ എന്നായിരുന്നു മറുചോദ്യം.
സെക്രട്ടറിയുടെ ഒപ്പില്ലാതെ പോലും വായ്പ അപേക്ഷകള്‍ വന്നു. ചില ലോണപേക്ഷകള്‍ ബാങ്കിന്റെ പരിധിക്ക് പുറത്ത് നിന്നാണ് എത്തിയത്. സ്ഥിരവരുമാനമില്ലാത്ത ഷെയര്‍ ഹോള്‍ഡര്‍മാര്‍ വരെ ഇത്തരത്തില്‍ ലോണെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
2018ഓടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഇതിനിടെ വായ്പയ്ക്കായി പ്രത്യേകം വിഭാഗം തന്നെ ആരംഭിച്ചു. പ്രത്യേകം ജീവനക്കാരെ നിയമിച്ചു. വായ്പകളുമായി ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങള്‍ മറച്ചുവെക്കാനായിരുന്നു ഇത്. വായ്പാരേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ തുടങ്ങി. അതിന്റെ താക്കോല്‍ ഒരാള്‍ തന്നെ സൂക്ഷിച്ചു. ചിലര്‍ എതിര്‍പ്പുമായി വന്ന് ബാങ്കില്‍ നിന്നും രാജിവെച്ച് പുറത്ത് പോകാനും തുടങ്ങി. താനും ഇക്കൂട്ടത്തില്‍ ബാങ്കില്‍ നിന്നും പുറത്തുപോയി.ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് 1600ഓളം വ്യാജവായ്പകളുടെ രേഖകളാണ്. ഇതില്‍ 50ല്‍പരം വായ്പകള്‍ രണ്ടാളുടെ പേരില്‍ മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പിടിക്കപ്പെട്ടാലും ഗുരുതരമായ ശിക്ഷലഭിക്കില്ലെന്നതും ശിക്ഷാനടപടികളിലേക്ക് പോകാതെ ഒതുക്കിതീര്‍ക്കാനും കഴിയും എന്ന ധൈര്യമായിരുന്നു പല ജീവനക്കാര്‍ക്കും. പക്ഷെ എല്ലാം പരിധി വിട്ടപ്പോള്‍ ബാങ്കിന്റെ സ്ഥിതി മോശമായിത്തുടങ്ങി. ഒരു ദിവസം 25 വായ്പകള്‍ വരെ പാസാക്കിയ ദിവസമുണ്ടെന്നും ഇയാള്‍ ഓര്‍ക്കുന്നു.
ഒരിയ്ക്കല്‍ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയോടും ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ എല്ലാം തോന്നലെന്നായിരുന്നു പ്രതികരണം. ഇപ്പോള്‍ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇനി സിപിഎം പ്രവര്‍ത്തനത്തിനില്ലെന്ന് ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: