കൊച്ചി : കോവിഡ് പോസിറ്റീവായ വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ച് മറ്റുവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കെതിരെ പരാതി. മലപ്പുറം സ്വദേശിയായ കുസാറ്റ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കോവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് പരീക്ഷയെഴുതിയത്. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന് പരാതി നല്കി.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരുന്നു. അഥവാ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ കൂടി വിദ്യാര്‍ത്ഥിക്ക് പിപിഇ കിറ്റ് ധരിച്ച് ഒറ്റയ്ക്ക് ഇരുന്ന് പരീക്ഷ എഴുതാനും അധികൃതര്‍ അനുമതി നല്കിയിട്ടുള്ളതാണ്.
എന്നാല്‍ പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥി ആര്‍ടിപിസിആറിന് പകരം ആദ്യം ആന്റിജന്‍ ടെസ്റ്റ് എടുക്കുകയും ഇതില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ റിസല്‍ട്ട് ആര്‍ടിപിസിആര്‍ എന്ന് തിരുത്തി ഹോസ്റ്റല്‍ അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംശയത്തെ തുടര്‍ന്ന് വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു.
ഈ റിസല്‍ട്ട് മറച്ചുവെച്ച വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രണ്ട് ദിവസം ഹോസ്റ്റലില്‍ തങ്ങുകയും ബിടെക് പരീക്ഷയില്‍ എല്ലാവരുമൊന്നിച്ച് പങ്കെടുക്കുകയുമായിരുന്നു. പരീക്ഷയ്ക്ക് ശേഷം കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് മറച്ചുവെച്ചതായി കോളേജ് അധികൃതരെ അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും എക്സാം ഡ്യൂട്ടിക്കുണ്ടായിരുന്നവരും ഹോസ്റ്റലേഴ്സും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ്. മനപ്പൂര്‍വ്വം കോവിഡ് പോസിറ്റീവാണെന്ന വിവരം മറച്ചുവെച്ച് മറ്റുള്ളവരുമായി ഇടപെഴകിയതില്‍ വിദ്യാര്‍ത്ഥിക്കെതിരെ കുസാറ്റ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: