ന്യൂദല്‍ഹി: പാര്‍ലമെന്റിലെ നടപടികള്‍ തടസപ്പെടുത്തുന്നതിലും ചര്‍ച്ചയ്ക്ക് മുന്നോട്ടുവരാത്തത്തിലും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തെ തുറന്നുകാട്ടണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. നടന്നുവരുന്ന മഴക്കാല സമ്മേളനത്തിലുടനീളം പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നടത്തിക്കൊണ്ടു പോകുന്നതിന് തടസം നില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പെഗാസസ് വിഷയവും കര്‍ഷക പ്രശ്നവും ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും നിരന്തരം നിര്‍ത്തിവയ്ക്കുന്നത് അടക്കം അടുത്തിടെ നടന്ന കാര്യങ്ങള്‍ കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷിയും വി മുരളീധരനും എംപിമാരോട് വിവരിച്ചു. രാജ്യത്തെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെക്കുറിച്ച് പരാമര്‍ശിച്ച നരേന്ദ്രമോദി പങ്കെടുക്കുന്നതില്‍നിന്ന് മറ്റുള്ളവരെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടി വിലക്കിയെന്ന് ചൂണ്ടിക്കാട്ടിയതായാണ് വിവരം.
‘കോണ്‍ഗ്രസിന്റെയും ചില പ്രതിപക്ഷ പാര്‍ട്ടികളുടെയും ഈ പ്രവര്‍ത്തനരീതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടണം’ എന്ന് എംപിമാരോട് നിര്‍ദേശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി ചുമതലയേറ്റെടുത്ത മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് ജൂലൈ ഒന്‍പതിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം പോലും പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് ചുരുക്കിയിരുന്നു. പ്രതിപക്ഷ എംപിമാരുമായി മികച്ച ബന്ധം പുലര്‍ത്താനും പാര്‍ട്ടിയുടെ എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: