തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ കണക്കുകള്‍ പിണറായി സര്‍ക്കാര്‍ ഒളിച്ചുവെയ്ക്കുന്നതായി പ്രതിപക്ഷം. തദ്ദേശ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കും മുഖ്യമന്ത്രിയുടെ കണക്കുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ 23,486 പേര് മരിച്ചതായാണ് കണക്കുകള്‍. ഇതു പ്രകാരം സര്‍ക്കാര്‍ കണക്കില്‍ പെടാത്തതായി 7,316 മരണങ്ങള് സംസ്ഥാനത്തുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. 2020 ജനുവരി മുതല്‍ ഈ മാസം 23 വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലും 16170 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കുകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണ വിവരങ്ങള്‍ പൂഴ്ത്തിവെയ്ക്കുകയാണെന്ന വാദം ശക്തമാവുകയാണ്. മരണക്കണക്ക് മറച്ചുവെക്കുന്നില്ലെന്നും സുതാര്യമായാണ് നടപടികളെന്നുമാണ് ഇതുവരെയുള്ള സര്‍ക്കാരിന്റെ വാദം.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് സുപ്രീംകോടതി അടുത്തിടെ ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കണക്കുകള്‍ ഒളിച്ചുവെയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ നിരവധി പേര്‍ക്കാണ് അര്‍ഹമായ കോവിഡ് നഷ്ടപരിഹാരം ലഭിക്കാതെ പോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: