തൊടുപുഴ: ജന്മദിനത്തലേന്ന് ആംബുലന്‍സ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വഴിത്തല കൂനാനിക്കല്‍ പരേതനായ ജോര്‍ജ്- മോളി ദമ്പതികളുടെ മകന് ജിസ് കെ. ജോര്‍ജാ(28) ണ് മരിച്ചത്. തൊടുപുഴ ഹരിത ആംബുലന്‍സ് ഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.15ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം പാപ്പൂട്ടി കടവിലായിരുന്നു അപകടം. അര കിലോ മീറ്റര്‍ അകലെയുള്ള താമസ സ്ഥലത്ത് നിന്ന് ചാഴികാട്ട് ആശുപത്രിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് ജിസ് ഓടിച്ചിരുന്ന ആംബുലന്‍സ് പുഴയിലേക്ക് മറിയുകയായിരുന്നു.
വലിയ ശബ്ദം കേട്ട് സമീപവാസി വിളിച്ചറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോള്‍ ആംബുലന്‍സ് പകുതിയോളം മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ജിസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ച് എതിര് വിന്‍ഡോയ്ക്ക് ഇടയിലൂടെ വെള്ളത്തില്‍ തലകീഴായി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.
പത്ത് മിനിറ്റത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നല്കി അടുത്തുള്ള ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് നാല് മണിയോടെ മരിക്കുകയായിരുന്നു. ഇന്ന് ജന്മദിനമായതിനാല്‍ രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. ജിത്തു, ജിലി എന്നിവര്‍ സഹോദരങ്ങളാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം നാളെ കോലടി സെന്റ് തോമസ് പള്ളിയില്‍. മാര്‍ച്ച് ഒന്നിനായിരുന്നു ജിസിന്റെ വിവാഹ നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: