തിരുവനന്തപുരം: വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികളുടെ ഫോണ്‍ സംഭാഷണം. ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയെന്നും അതിന് സിപിഎം എംഎല്‍എയ്ക്ക് പണം നല്കിയെന്നുമുള്ള ഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ വച്ച് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷങ്ങള്‍ നല്‍കിയവരെ കണ്ടെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച എംഎല്‍എ ഇതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗ്രേഡ് 2 അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ലഭിച്ച കാഞ്ഞിരംപാറ സ്വദേശിയായ യുവതിയും മറ്റൊരു യുവതിയും തമ്മിലുള്ള 13 മിനിറ്റ് ഫോണ്‍ സംഭാഷണമാണ് പ്രചരിക്കുന്നത്. കോണ്‍. പ്രവര്‍ത്തകയായ തനിക്ക് സിപിഎം എംഎല്‍എ ഇടപെട്ട് ജോലി നല്‍കിയെന്നും അതിന് എംഎല്‍എ പണം ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തിയതില്‍ എംഎല്‍എ ഇടപെട്ടു. താത്കാലിക നിയമനം ആയിരുന്നത് പിന്നീട് സ്ഥിരപ്പെടുത്തി. എംഎല്‍എ പണം ആവശ്യപ്പെട്ടു. പണം ഡിവൈഎഫ്ഐ ഫണ്ടിലേക്ക് നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് പണം നല്കാന് ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.
സംഭാഷണം ഇങ്ങനെ: ‘പ്രധാന കോണ്‍. നേതാവിനൊപ്പം മുരളിയുടെ വീട്ടിലെത്തിയാണ് ജോലി ഉറപ്പാക്കിയത്. രണ്ട് മൂന്ന് ലക്ഷമെങ്കിലും നല്‍കേണ്ടിവരും, അത് എത്രയെന്ന് കൃത്യമായി പിന്നീട് പറയും. താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്കി. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി രേഖകള്‍ ലഭിച്ചു. കോണ്‍. നേതാവും എംഎല്‍എയും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് തനിക്ക് ജോലി വാങ്ങി നല്‍കിയത്. 10 നിയമനത്തില്‍ ഒരെണ്ണം എംഎല്‍എയ്ക്ക് ശുപാര്‍ശ ചെയ്യാനുള്ളതാണ്. അതാണ് തനിക്ക് നല്‍കിയത്. താനും കോണ്‍ഗ്രസ് നേതാവും മറ്റൊരാളുമാണ് മുരളിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റ് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷം നല്‍കിയവരെ കണ്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്താതിരിക്കാനാണ് ജോലി വാങ്ങി നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി ചോദിച്ചാല്‍ എത്ര രൂപ നല്‍കാനും താന്‍ തയാറാണെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് വാക്ക് നല്‍കിയിട്ടുണ്ട്.’
ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ എംഎല്‍എ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി ലഭിച്ച യുവതി സംസാരിച്ചത് സത്യമാണെന്നും കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ശബ്ദസന്ദേശം പുറത്ത് പോയതാണെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ മറുതലയ്ക്കല്‍ ഉണ്ടായിരുന്ന യുവതി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: