തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പാത്തട്ടിപ്പിനു പുറമേ വന്‍ കള്ളപ്പണ ഇടപാടും. വായ്പാത്തട്ടിപ്പിലൂടെ സമാഹരിച്ച പണം മുടക്കി പ്രതികള്‍ ആരംഭിച്ച തേക്കടി റിസോര്‍ട്‌സ് എന്ന കമ്പനിയുടെ മറവില്‍ വന്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കും. വിദേശത്തു നിന്നുള്‍പ്പെടെ കള്ളപ്പണം എത്തിയതായാണ് വിവരം. പ്രതികള്‍ പല വട്ടം ഗള്‍ഫ് സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.
വായ്‌പ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ ബന്ധുവുമായ മുന്‍ മാനേജര്‍ ബിജു കരീം, കേസിലെ മറ്റൊരു പ്രതിയും മുന്‍ കളക്ഷന്‍ ഏജന്റുമായ ബിജോയ്, ഇവരുടെ ബന്ധുക്കള്‍ എന്നിവരാണ് തേക്കടി റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. കേരളത്തിനകത്തും പുറത്തും വന്‍തോതില്‍ ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. സിപിഎം നേതാക്കളുടെയും മറ്റ് ചിലരുടെയും ബിനാമി ഇടപാടാണ് ഇതെന്നാണ് സൂചന.
അതിനിടെ കേസിലെ നിര്‍ണായക രേഖകള്‍ പലതും ബാങ്കില്‍ കാണാനില്ല. അന്വേഷണം അട്ടിമറിക്കാന്‍ ഫയലുകള്‍ കടത്തിയെന്നാണ് സൂചന. വായ്പാ വിഭാഗത്തിലെ രേഖകളാണ് നഷ്ടമായിരിക്കുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതോടെയാണ് രേഖകള്‍ കടത്തിയതെന്നാണ് വിവരം. ഇ ഡി പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നൂറ് കോടിയിലേറെ രൂപയുടെ വ്യാജ വായ്പകള്‍ എഴുതിയെടുത്തതിന് പുറമേ വായ്പകള്‍ മറയാക്കി 200 കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കലും നടന്നതായാണ് കണക്കാക്കുന്നത്. ഒരേ ആധാരത്തിന്റെ പേരില്‍ പല വായ്പകള്‍ അനുവദിച്ചും, ഈടില്ലാതെ വന്‍തുകകള്‍ വായ്പ നല്‍കിയും വെട്ടിപ്പ് നടത്തിയതായി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച ഫയലുകളാണ് കടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ രേഖകളും നഷ്ടപ്പെട്ടതായി സൂചനയുണ്ട്.
ബാങ്കുമായി ഒരിടപാടും ഇല്ലാത്തവരുടെ പേരിലും വ്യാജ വായ്പകള്‍ രേഖപ്പെടുത്തി പണം തട്ടിയതായും വ്യക്തമായിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവര്‍ രാജുവിന്റെ പേരില്‍ 50 ലക്ഷം രൂപയുടെ വായ്പയുണ്ടെന്നും ഉടന്‍ തിരിച്ചടയ്‌ക്കണമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. ബാങ്കുമായി തനിക്ക് ഒരിടപാടുമില്ലെന്ന് രാജു പറയുന്നു. ഇത്തരത്തില്‍ നിരവധിയാളുകളുടെ പേരില്‍ വ്യാജ വായ്പകള്‍ വഴി തട്ടിപ്പ് നടന്നിട്ടുണ്ട്.
സഹകരണ വകുപ്പിലെ വേണ്ടപ്പെട്ടവരാണ് ഫയലുകള്‍ മുക്കിയതെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്. ഇരിങ്ങാലക്കുട അസി. രജിസ്ട്രാര്‍ എം.സി. അജിത്താണ് അഡ്മിനിസ്‌ട്രേറ്റര്‍.
2019 മുതല്‍ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പ്രതികളെ സംരക്ഷിച്ച അസി. രജിസ്ട്രാറെ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററാക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. ക്രൈംബ്രാഞ്ചും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തേ പോലീസ് കേസെടുത്ത ആറ് ജീവനക്കാരെ മാത്രമാണ് ക്രൈംബ്രാഞ്ചും പ്രതികളാക്കിയിട്ടുള്ളത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: