തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് നിര്‍ദ്ദേശം നല്കി. മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതിശക്തമായ്ക്കും സാധ്യതയുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലേര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരത്ത് ഇടവിട്ട് ശക്തമായ മഴ ലഭിക്കുന്നു. സംഭരണികളിലേക്കു നീരൊഴുക്ക് വര്‍ധിച്ചു. നെയ്യാര്‍ കരമന, കിള്ളിയാറുകളുടെ തീരത്ത് താമസിക്കന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
മലപ്പുറത്തെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ചോക്കാട് പുഴ, ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ എട്ട് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അകമ്പാടം കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 36 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലമ്പൂരില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ മൂന്ന് ദിവസമായി കനത്ത മഴയാണ്. ഭവാനിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകി. സൈലന്റ് വാലി വനമേഖലയില്‍ ശക്തമായ മഴയാണ്. കുന്തിപ്പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂര്‍, താവളം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂര്‍ പാലത്തിന്റെ കൈവരിക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ താല്കാലികമായാണ് പുനസ്ഥാപിച്ചിരുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.
കനത്ത മഴ മൂലം മൂന്നാര്‍ പോലീസ് ക്യാന്റീനിന് സമീപത്തെ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ പഴയ മൂന്നാര്‍ ബൈപ്പാസ് വഴി തിരിച്ചു വിട്ടു. കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല.
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. പള്ളിവാസല്‍ ഹെഡ് വര്‍ക്ക്സ്, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴ, നല്ലത്തണ്ണി,മുതിരപ്പുഴ, കന്നിമലയാര്‍ തുടങ്ങി അടിമാലി, മൂന്നാര്‍ മേഖലകളിലെ പുഴകളിലൊക്കെയും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: