തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മാനേജര്‍ ബിജു കരീമും കമ്മീഷന് ഏജന്റ് ബിജോയിയും ചേര്‍ന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പ്പാ നിയമങ്ങള്‍ പാലിക്കാതെ 46 ലോണുകളില്‍നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. ബിജു കരീമാണ് ഈ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരന്‍ ബിജോയി ഇതിന് കൂട്ടുനില്‍ക്കുകയുമായിരുന്നു.
ബിജോയ് മാത്രം 28 വായ്പകളില്‍നിന്നായി 26 കോടി രൂപ ബാങ്കില്‍നിന്ന് എടുത്തു. ബിജു കരീം 18 വായ്പകളില്‍നിന്ന് 20 കോടിയില്‍ അധികവും ബാങ്കില്‍നിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകള്‍ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജോയിയുടെയും ബിജു കരീമിന്റേയും നേതൃത്വത്തില്‍ തേക്കടിക്ക് സമീപം നിര്‍മാണം ആരംഭിച്ചത് കോടികളുടെ റിസോര്‍ട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകള്‍ പുറത്തു വന്നതോടെ മൂന്ന് വര്‍ഷം മുമ്പ് പണി മുടങ്ങി. തേക്കടിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ മുരിക്കടിയില്‍ പത്ത് ഏക്കറോളം ഉള്ള സ്ഥലത്താണ് കോടികളുടെ ഈ റിസോര്‍ട്ട് നിര്‍മാണം. തേക്കടി റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പണിയാനാണ് പെര്‍മിറ്റെടുത്തത്.
അഞ്ചു വര്‍ഷം മുമ്പാണ് നിര്‍മ്മാണം തുടങ്ങിയത്. 18 കോടിയുടെ പദ്ധതിയായിരുന്നു ലക്ഷ്യം. ഇതില്‍ മൂന്നരക്കോടിയുടെ ആദ്യഘട്ട നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ബിജോയിയാണ് കരാറുകാരന് പണം നല്‍കിയിരുന്നത്. മൂന്നു വര്‍ഷം മുമ്പ് പണം വരവ് നിലച്ചു. ഇതോടെ പണികളും മുടങ്ങി
മൂന്നു പേരില്‍ നിന്നായി ബിജോയിയുടെ പേരില്‍ വാങ്ങിയ രണ്ടര ഏക്കര്‍ സ്ഥലത്തെ നിര്‍മാണത്തിനാണ് ആദ്യം അനുമതി സമ്പാദിച്ചത്. 2017 ല്‍ പെര്‍മിറ്റ് പുതുക്കിയപ്പോള്‍ കൂടുതല്‍ നിര്‍മാണത്തിനുള്ള അനുമതിയും വാങ്ങി പഞ്ചായത്തില്‍ നിന്ന് വാങ്ങി. 50 മുറികളും ആയൂര്‍വേദ സ്പായും ഉള്‍പ്പെടെ നിര്‍മിക്കാനായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: