ശാസ്താംകോട്ട: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ ദുരൂഹ മരണത്തില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടു. 26 ന് വിധി പറയും.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്നലെ വാദം കേട്ടത്. പ്രതിക്ക് വേണ്ടി അഡ്വ: ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായി. ഉച്ചക്ക് 12 നാണ് കേസ് കോടതി പരിഗണനക്ക് എടുത്തത്. സ്ത്രീധന പീഡനമരണമാണ് കിരണിനെതിരെ ചുമത്തിയ കേസ്. എന്നാല്‍ ഇത് വെറും ആത്മഹത്യയാണെന്ന് ആളൂര്‍ കോടതിയെ അറിയിച്ചു. കിരണിനെ രണ്ട് ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഒരു വിധം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ വീണ്ടും പോലീസ് കിരണിനെ കസ്റ്റഡിയില്‍ ചോദിക്കുന്നത് ഇയാള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ കാട്ടുന്ന തന്ത്രമാണന്നും ആളൂര്‍ വാദിച്ചു.
ഗവ: പ്ലീഡര്‍ സേതുനാഥന്‍ പിള്ള ഈ വാദങ്ങളേ എല്ലാം എതിര്‍ത്തു. വിസ്മയ മരണത്തിന് തൊട്ടു മുന്‍പ് ക്രൂരമായ പീഡനത്തിനിരയായതിന്റെ വ്യക്തമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടങ്കിലും മരണം സംബന്ധിച്ചുള്ള ദുരൂഹത തുടരുകയാണ്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് അന്വേഷണവും തെളിവെടുപ്പും തടസപ്പെട്ടു. വീണ്ടും ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാലെ അന്വേഷണം പൂര്‍ത്തിയാകൂ, ഗവ: പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിധി പറയാന്‍ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാര്‍ കേസ് 26 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: