തിരുവനന്തപുരം: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ അഫ്ഗാന് പൗരന് ഈദ്ഗുല്ലുമായി (അബ്ബാസ് ഖാന്-22) ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍. ഇയാള്‍ കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലും നേരത്തെ ജോലി ചെയ്തിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധവകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണ സാമഗ്രികള്‍ ഒരുക്കുന്നതില്‍ ഇയാള്‍ സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നാണു വിവരം. എന്നാല്‍ വിമാനവാഹിനിക്കുള്ളില്‍ കയറിയിട്ടില്ല. അസം വിലാസത്തില്‍ കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ ഈദ്ഗുല്ലിനെ വിവിധ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരക്കാരിലൂടെ കേരളം നേരിടുന്നത് ഏറ്റവും വലിയ ഭീഷണിയാണെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
ആശുപത്രിയില്‍ കിടക്കുന്നയാള്‍ക്ക് കൂട്ടു നില്‍ക്കുന്നതിനുള്ള വീസയിലാണ് അഫ്ഗാനില്‍നിന്ന് ഇയാള്‍ ഇന്ത്യയിലെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ തുടരുന്നുവെന്ന സൂചന ഇയാളെ കൊണ്ടുവന്ന കരാറുകാരന് കപ്പല്‍ശാലയില്‍ അറിയിച്ചതിനെതുടര്‍ന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. കപ്പല്‍ശാല പോലെ തന്ത്രപ്രധാന മേഖലകളില്‍ ഇത്തരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം വിദേശികളും ജോലിചെയ്യുന്നുവെന്നത് സുരക്ഷാ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കകം ഇത്തരം പൗരന്മാരുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പും നിര്‍ദേശിച്ചു കഴിഞ്ഞു.
ജോലിക്കായി വന്നതാണെന്നു പറയുന്നുവെങ്കിലും ചില കാര്യങ്ങള്‍ ഓര്‍മയില്ലെന്ന മട്ടില്‍ മാനസിക വിഭ്രാന്തി പോലെയാണ് ചോദ്യം ചെയ്യലില്‍ ഈദ്ഗുല്ലിന്റെ പെരുമാറ്റം. അസം സ്വദേശിയാണ് ഈദ്ഗുല്ലിന്റെ മാതാവ്. അഫ്ഗാന് പൗരനാണ് പിതാവ്. മാതാവിന്റെ ബന്ധുക്കളും കൊച്ചിയില്‍ പലയിടത്തും ജോലിചെയ്യുന്നുണ്ട്. ഇവരെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്. കപ്പല്‍ശാലയില്‍ ഏതൊക്കെ ജോലികളാണ് ഈദ്ഗുല്‍ ചെയ്തതെന്നും അന്വേഷിക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും നേവിയുടെ രഹസ്യാന്വേഷണ വിഭാഗവും വരുംനാളുകളില്‍ ഇയാളെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: