ഇടുക്കി: കാലാവസ്ഥ വ്യതിയാനം ലോകത്തെമ്പാടും ഭീഷണി ഉയര്‍ത്തുമ്പോള്‍ കേരളത്തിലും ആശങ്കവര്ദ്ധിപ്പിച്ച് മണ്‍സൂണ്‍ മഴയിലെ അപൂര്‍വ മാറ്റങ്ങള്‍. മഴയ്ക്ക് കാരണമായ മേഘങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് അതീവ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ ഉള്‍പ്പെടുന്ന കേരളത്തിന് വെല്ലുവിളിയാകുന്നത്. സാധാരണയായി പെയ്ത് പോയിരുന്ന മഴയുടെ പ്രകൃതമാകെ നിലവില്‍ മാറി കഴിഞ്ഞു. അതി തീവ്രമഴ, കൊടുങ്കാറ്റ്, മിന്നല്‍ പോലുള്ളവ ഇപ്പോള്‍ പതിവാകുകയാണെന്ന് കാലാവസ്ഥ നിരീക്ഷകരും പറയുന്നു.
കേരളത്തിന്റെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ മേഘങ്ങളില്‍ ഒരു രൂപാന്തരം സംഭവിക്കുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. അത് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. മാറിയ കാലാവസ്ഥ സാഹചര്യങ്ങളും ആഗോള താപന പഞ്ചാത്തലത്തിലും ഇത്തരത്തിലുള്ള മേഘങ്ങള്‍ കേരളത്തിന്റെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ നിലനില്‍ക്കുവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കാറ്റ്, ഇടിവെട്ട്, അതി തീവ്രമഴ പോലുള്ള പ്രശ്നങ്ങള്‍ ആവര്‍ത്തിക്കും. മണ്‍സൂണ്‍ ബ്രേക്കിന് ശേഷം മഴ എത്തുമ്പോള്‍ തീഷ്ണത കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ക്വാള്‍ ലൈന്‍ പോലുള്ള പ്രതിഭാസങ്ങള്‍ ഇതിന് ഉദാഹരണമാണ്. വളരെ പെട്ടെന്നുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ പെയ്ത് മാറുന്നതിനാല്‍ ഇവ നേരത്തെ കണ്ടെത്തുകയും സമയത്ത് പ്രവചിക്കുക എന്നതും സാധിക്കില്ല. അപ്രതീക്ഷിതമായ ഇത്തരം മാറ്റങ്ങള്‍ അധികവും രാത്രിയിലാണ് ഉണ്ടാകുന്നതെന്നും ഇവയെ കരുതിയിരിക്കണമെന്നും ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ഇടിമിന്നല്‍ മേഘങ്ങളുടെ വലിയ കൂട്ടം വടക്കന്‍ ജില്ലകളിലും അറബിക്കടലിലുമായി ഉണ്ടായത്. ഇന്നലെ രാവിലെയും സമാനമായ സാഹചര്യം ഉണ്ടായി. സാധാരണയായി ഈ സമയത്ത് കണ്ട് വരുന്ന ഉയരം കുറഞ്ഞ മേഘങ്ങളില്‍ ജലാശം കുറവായിരിക്കും. ഇവ ഇടിക്കും മിന്നലും കാരണമാകാറില്ല. അതേ സമയം നിലവില്‍ ഉണ്ടാകുന്ന ഉയരം കൂടിയ മേഘങ്ങളില്‍ വലിയ തോതില്‍ ജലാശം ഉള്ളതിനാല്‍ ഇടിയ്ക്കൊപ്പം ശക്തമായ കാറ്റും ഭൂമിയിലേക്ക് ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: