ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ കേസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇപ്പോള്‍ ചുവടുമാറ്റുന്നു. പുറത്തുവിട്ട ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇപ്പോഴത്തെ വാദം.
എന്‍ജിഒ ആയ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ ഉറവിടംവെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അന്ന് മുതല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മോദി സര്‍ക്കാരിനെതിരെ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ പെഗസസ് എന്ന സ്പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ചോര്‍ത്തിയെന്ന വിവാദത്തില്‍ ആംനസ്റ്റിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ തന്നെ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ആംനസ്റ്റി മെല്ലെ പഴയആരോപണങ്ങളില് നിന്നും തടിതപ്പി മുഖം രക്ഷിക്കാന്‍ ശ്രമം നടത്തുന്നത്.
പുറത്തുവിട്ട ഫോണ്ലിസ്റ്റിലുള്ളവരുടെ മുഴുവന്‍ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യം ആംനസ്റ്റി ഇന്റര്‍നാഷണല്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വാദം മയപ്പെടുത്തുകയാണ്. ഇത് എന്‍എസ്ഒ പെഗസസ് സ്പൈവെയര്‍ ചോര്‍ത്തിയ ഫോണുകളുടെ ലിസ്റ്റാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ വാദം.
പ്രതിപക്ഷപ്പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആഞ്ഞടിക്കുന്നതിനിടെയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. ‘വിവാദ ഫോണ്‍ലിസ്റ്റ് എന്‍എസ്ഒ പെഗസസ് സ്പൈവെയര്‍ ചെയ്ത ലിസ്റ്റാണെന്ന് ആംനസ്റ്റി ഒരിക്കലും പറഞ്ഞിട്ടില്ല. ലോകത്തെ ചില പ്രശസ്തമാധ്യമങ്ങള് അങ്ങിനെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും.’ ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആംനസ്റ്റിയുടെ ഈ പുതിയ നിലപാട് അമേരിക്കയിലെ അന്വേഷണാത്മക പത്രപ്രവര്ത്തകന് കിം സെറ്റര്‍ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ആസൂത്രിതമായ മാധ്യമപ്രചാരണം വഴി പ്രചരിക്കുന്നതെന്ന് ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്ന പെഗസസ് സോഫ്റ്റ്വെയറിന്റെ ഉടമസ്ഥരായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറി്ച്ച് തങ്ങള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കമ്പനി പറഞ്ഞു. 50,000 ഫോണ്‍നമ്പറുകളില്‍ നിന്നുള്ള രഹസ്യങ്ങള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നതാണ് മാധ്യമങ്ങളുടെ ആരോപണം. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും നമ്പറുകള്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപണമുയര്‍ത്തുന്നതിനിടെയാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: