പള്ളുരുത്തി(കൊച്ചി): സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കേണ്ട കമ്മീഷന് കുടിശിക അടിയന്തരമായി നല്കാന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 26ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താന്‍ റേഷന്‍ വ്യാപാരികളുടെ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഒരു ക്വിന്റലിന് 180 രൂപ നിരക്കില്‍ കമ്മീഷന് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തതാണ്.
പക്ഷേ, കൊവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ അഞ്ച് കിലോയിലും അധികം വരുന്ന സൗജന്യ ഭക്ഷ്യ കിറ്റിന് ഏഴ് രൂപ നിരക്കില്‍ കമ്മീഷന് നല്‍കിയത് സന്തോഷത്തോടെ സ്വീകരിച്ചവരാണ് റേഷന്‍ വ്യാപാരികളെന്നും, പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് വിതരണം നടത്തിയ കിറ്റിന് അഞ്ച് രൂപയായി കമ്മീഷന് കുറച്ചപ്പോഴും രണ്ടു കൈകളും നീട്ടി സന്തോഷത്തോടെ കൈപ്പറ്റിയവരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
കിറ്റ് സംഭരിക്കുന്നതിന് പ്രത്യേക കടമുറികള്‍ വാടകക്കെടുത്തും ജോലിക്കാരെ വെച്ചതിന്റെ ബാധ്യതയുമുണ്ട്. റേഷന്‍ കടയിലെ കിറ്റുകള്‍ ഇറക്കാന്‍ സഹായിക്കുന്നവര്‍ക്കുള്ള വേതനം ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്ത് നല്‍കിയെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന് കുടിശികയായി നില്‍ക്കുകയാണ്.
കഴിഞ്ഞ 15ന് ഭക്ഷ്യമന്ത്രി വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധി യോഗത്തില്‍ കമ്മീഷന് കുടിശിക വ്യാപാരികള്‍ സേവനമാക്കി പരിഗണിക്കണമെന്ന പരാമര്‍ശം വ്യാപാരികളില്‍ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഓണത്തിന് മുമ്പായി 10 മാസത്തെ കിറ്റ് കമ്മീഷന് കുടിശിക ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് കെ. ചന്ദ്രന് പിള്ള, ടി. മുഹമ്മദാലി, ഇ. അബൂബക്കര്‍ ഹാജി, അജിത്ത് പാലക്കാട്, കുറ്റിയില്‍ ശ്യാം, ഡാനിയല്‍ ജോര്‍ജ്, ജോണ്‍ പി.ജെ, ജെ. ഉദയഭാനു,പ്രിയം കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബേബിച്ചന് മുക്കാടന്‍, ബിനോ സെബാസ്റ്റ്യന്‍ എന്നിവര്‍ തീരുമാനങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സമരം വിജയിപ്പിക്കാന്‍ എല്ലാ വ്യാപാരികളും മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: