പത്തനാപുരം: കെഎസ്ആര്‍ടിസി പത്തനാപുരം ഡിപ്പോ അടച്ചു പൂട്ടലിന്റെ വക്കില്‍. മികച്ച വരുമാനമുളള സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുന്നതാണ് പ്രതിസന്ധിക്ക് കാരണം. മാനന്തവാടി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റാന്‍ ഉത്തരവ് വന്നതാണ് പുതിയ സംഭവം. രണ്ട് മാസത്തിനിടെ മൂന്ന് ഘട്ടങ്ങളായി ഇരുപത്തിയാറിലധികം ബസുകളാണ് പത്തനാപുരം ഡിപ്പോയില്‍ നിന്നും കൊണ്ടുപോയിട്ടുളളത്.
കൊട്ടാരക്കര, കണിയാപുരം, മാവേലിക്കര, ചടയമംഗലം ഡിപ്പോകളിലേക്കാണ് ഇവിടെ നിന്നും ബസുകള്‍ മാറ്റിയത്. തകരാറുകളോ, കാലപ്പഴക്കമോ ഇല്ലാതിരുന്ന ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയതോടെ ഇവിടെ ആവശ്യത്തിന് സര്‍വീസ് നടത്താന്‍ ബസില്ലാത്ത സ്ഥിതിയാണ്. 45 സര്‍വീസ് ഉണ്ടായിരുന്ന ഡിപ്പോയില്‍ കൊവിഡ് കാലത്ത് 32 സര്‍വീസുകള്‍ വരെ ഓടിച്ചു. ഇനി അത് 20 മുതല്‍ 24 സര്‍വീസ് വരെയായി ചുരുങ്ങും.
മറ്റ് ഗതാഗത മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന മലയോര പ്രദേശങ്ങളായ പൂങ്കുളഞ്ഞി, മാമ്പഴത്തറ, പോത്തുപാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുപോലും സര്‍വീസ് നടത്തി ലാഭം കൊയ്തിരുന്ന ഡിപ്പോയുടെ പ്രവര്‍ത്തനം ഇപ്പോള്‍ താളം തെറ്റിയ സ്ഥിതിയാണ്. 15 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ ഇടവേളകളില്‍ സര്‍വീസ് നടത്തിയിരുന്ന പത്തനാപുരം-കൊട്ടാരക്കര, പത്തനാപുരം-ഏനാത്ത്, പത്തനാപുരം- പട്ടാഴി, പത്തനാപുരം-പുന്നല, പത്തനാപുരം-മാങ്കോട്-പാടം, പത്തനാപുരം-പറങ്കിമാംമുകള്‍-കൊട്ടാരക്കര എന്നിവ പഴയ രീതിയില്‍ ഇനി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. ഈ റൂട്ടുകളിലെല്ലാം വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തേണ്ട അവസ്ഥയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. അടിക്കടി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റിടങ്ങളിലേക്ക് മറ്റുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: