കോട്ടയം: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് നാട്ടിലെങ്ങും ഫ്ളക്സ് ബോര്‍ഡുകള്‍ തലയുയര്‍ത്തി നില്‍പ്പാണ്. കോട്ടയം നാട്ടകത്തിന് അടുത്ത് മുളങ്കുഴ കവല, കാക്കൂര്‍ കവല എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഓരോ ബോര്‍ഡുകള്‍ ഉണ്ട്. നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണ് ഈ ബോര്‍ഡുകള്‍.
ഷിബു കാക്കനാടാണ് ബോര്‍ഡിലെ താരം. മറ്റാരോ ഷിബുവിനെ കളിയാക്കാന്‍ വച്ചതാണ് ബോര്‍ഡ് എന്ന് തോന്നുമെങ്കിലും താന്‍ തന്നെയാണ് ബോര്‍ഡ് വച്ചതെന്ന് ഷിബു തന്നെ വ്യക്തമാക്കിയതോടെ ആ സംശയം തീര്‍ന്നു. 1990-91 വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്. അന്നു വയ്ക്കാന്‍ പറ്റിയില്ല, സോറി എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.
ബോര്‍ഡ് വച്ചതിനെ കുറിച്ച് ഷിബു പറയുന്നതിങ്ങനെ… എസ്എസ്എല്‍സി ഫലം വരുമ്പോള്‍ എല്ലാവര്‍ഷവും ബോര്‍ഡ് വയ്ക്കാറുണ്ടായിരുന്നു. നാട്ടുകാരായ കുട്ടികളെ അഭിനന്ദിച്ചുള്ളതായിരുന്നു ആ ബോര്‍ഡുകള്‍. എന്നാല്‍ താന്‍ താമസിക്കുന്ന മുളങ്കുഴ, കാക്കൂര്‍ ഭാഗങ്ങളില്‍ അടുത്തുപരിചയമുള്ളവരാരും തന്നെ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയില്ല. അപ്പോള്‍ പിന്നെ തന്റെ ഫ്ളക്സ് തന്നെ ആകാമല്ലോയെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ വിജയത്തെക്കുറിച്ച് അറിയട്ടെയെന്ന് തോന്നുകയും ചെയ്തു.
നാട്ടകം ഗവ.വിഎച്ച്എസ്എസിലാണ് ഷിബു പഠിച്ചത്. എട്ടാം ക്ലാസില്‍ മൂന്നു വര്‍ഷവും ഒന്‍പതാം ക്ലാസില്‍ രണ്ടു വര്‍ഷവും പഠിച്ചശേഷമാണ് പത്തിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ വിജയിക്കാനും നന്നേ ബുദ്ധിമുട്ടി. മൂന്നാം തവണയാണ് എസ്എസ്എല്‍സി എന്ന കടമ്പ ഷിബുവിന് കടക്കാനായത്. നൂറില്‍ താഴെ മാര്‍ക്കായിരുന്നു ആദ്യം ലഭിച്ചത്. രണ്ടാം തവണ ഒന്നു കൂടി നിലമെച്ചപ്പെടുത്തി, 150ല്‍ എത്തി. മൂന്നാം തവണ വിജയിച്ചെന്ന് മാത്രമല്ല, മൂന്നു മാര്‍ക്ക് കൂടി കിട്ടിയിരുന്നെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കുമായിരുന്നു. 1991 ലായിരുന്നു അത്. അന്ന് വയസ്സ് 20. നാട്ടകം ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ പ്രായം കൂടിയെന്ന തോന്നല്‍ വന്നതോടെ പഠനം നിര്‍ത്തുകയായിരുന്നു.
ഷിബുവിന്റെ ഷര്‍ട്ട് ഇടാത്ത ചിത്രമാണ് ബോര്‍ഡിലുള്ളത്. എന്തുകൊണ്ടാണ് ഷര്‍ട്ട് ഇല്ലാത്ത ചിത്രം എന്ന ചോദ്യത്തിനും ഷിബുവിന് മറുപടിയുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണതെന്ന് ഷിബു പറയുന്നു.
കോട്ടയം ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഷിബുവിന് മീന്‍ കച്ചവടവുമുണ്ട്. ആശാവര്‍ക്കറായ സിന്ധുവാണ് ഭാര്യ. മകള്‍ ഗീതാഞ്ജനു എംഎസ്സി വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: