ചെന്നൈ: ചെന്നൈയില്‍ അനധികൃതമായി താമസിച്ച ഒന്‍പത് ഇറാന് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്തു. സൊമാലിയന്‍ പൗരനുള്‍പ്പെട്ട കവര്‍ച്ചാക്കേസില്‍ മൂന്ന് പേരുടെ പങ്കു പുറത്തുവന്നതിനുശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. കടലോരത്തിന് സമീപമുള്ള കോവാളം നഗരത്തിലെ റിസോര്‍ട്ടിലായിരുന്നു അറസ്റ്റിലായ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേര് താമസിച്ചിരുന്നത്. ‘കേന്ദ്ര പൊലീസ്’ എന്ന വ്യാജേന മയക്കുമരുന്ന് പരിശോധന നടത്തി സൊമാലിയന്‍ പൗരനില്‍നിന്ന് 3,800 യുഎസ് ഡോളര്‍ മൂന്നംഗ സംഘം അടുത്തിടെ തട്ടിയെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷമാണ് ഇറാന് പൗരന്മാരുടെ കാര്യം അറിയുന്നത്. നേത്ര ചികിത്സയ്ക്കായിട്ടായിരുന്നു സൊമാലിയയില്‍നിന്ന് 61-കാരന് ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് തൗസന്റ് ലൈറ്റ്സ് പൊലീസില്‍ പരാതി നല്കി. പൊലീസ് അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. പിന്നാലെ കോവാളത്ത് മൂന്നംഗ സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തുടരന്വേഷണത്തില്‍ പ്രതികളായ മൂന്നുപേരെ കൂടാതെ ആറുപേരെക്കൂടി അവിടെ താമസിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി.
‘അവരുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡുകള്‍ വ്യാജമെന്ന് മനസിലായി’ എന്നും നിയമപരമായ യാത്ര രേഖകളും മറ്റും കയ്യിലുണ്ടായിരുന്നില്ലെന്നും പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള മറ്റ് കൃത്യങ്ങളിലും സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: