തൊടുപുഴ: കനത്തമഴയില്‍ കോടിക്കുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് പാറപ്പുഴ ഇല്ലിച്ചുവട് ഭാഗത്ത് 12 വീടുകളില്‍ വെള്ളം കയറി.
ഇന്നലെ രാവിലെ എട്ടോടെയാണ് വെള്ളംകയറിയത്. ഉടന്‍ തന്നെ കോടിക്കുളം വില്ലേജ്-പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നതു പതിവായിട്ടും ശാശ്വാതപരിഹാരം കാണാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ മടികാണിച്ചത്.
2018ലെ മഹാപ്രളയത്തില്‍വീടുകള്‍ പൂര്‍ണമായും മുങ്ങി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു. പ്രശ്നത്തില്‍ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു.
കളക്ടറുടെ നിര്‍ദേശ പ്രകാരം തൊടുപുഴ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടി സ്ഥലത്തെത്തി വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലംവാങ്ങുന്നതിന് ആറുലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാലുലക്ഷം രൂപയും ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കാമെന്നു ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. മഴകുറഞ്ഞതോടെ വെള്ളം ഇറങ്ങിയതിനാല്‍ വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്നത് തത്ക്കാലത്തേക്ക് ഒഴിവാക്കി.
അതേ സമയംജില്ലയില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. തൊടുപുഴ, വണ്ണപ്പുറം, മൂലമറ്റം അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അതേ സമയം ജില്ലയില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴയില്‍ ജില്ലയിലെ സംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. പുഴയും തോടും നിറഞ്ഞ് കവിഞ്ഞതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. അതേ സമയം മറ്റ് നാശങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴം പകല്‍ മൂടിക്കെട്ടിയ ആകാശമായിരുന്നെങ്കിലും രാത്രിയോടെ ഒട്ടുമിക്കയിടത്തും മഴ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ മഴയുടെ ശക്തി കൂടുകയായിരുന്നു. തൊടുപുഴ- 8.38, പീരുമേട്- 8.4, മൂന്നാര്‍- 8.35, ഉടുമ്പന്‍ചോല താലൂക്ക്- 5.4 സെ.മീ. വീതം മഴ രേഖപ്പെടുത്തി. തൊടുപുഴയിലെ എആര്‍ഡിജി (ഓട്ടോമാറ്റിക് റെയിന്‍ ഗേജ്)സ്റ്റേഷനില്‍ 11 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍-മദ്ധ്യ കേരളത്തില്‍ ഇടവിട്ട് മഴ തുടരുമെന്നാണ് നിഗമനം. 21ന് ന്യൂനമര്‍ദം കൂടി വരുന്നതിനാല്‍ മഴ വീണ്ടും കൂടിയേക്കും. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്ന് വെച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി പെട്ടെന്നെത്തിയ മഴയില്‍ ഇടവെട്ടിയിലെ മരവെട്ടിച്ചുവട് പാലം, തൊണ്ടിക്കുഴ സ്കൂളിന് സമീപത്തെ പാലം എന്നിവ വെള്ളം കയറി മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു. രണ്ടുപാലത്തിന് സമീപവും റോഡില്‍ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: