കാബൂള്‍: യുദ്ധം കൊടുമ്പിരി കൊണ്ട അഫ്ഗാനിസ്ഥാനിലെ വലിയ ഭൂപ്രദേശം നിയന്ത്രണത്തിലായതോടെ 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും 45ന് താഴെയുള്ള വിധവകളുടെയും പട്ടിക നല്കാന് പ്രാദേശിക മതനേതാക്കളോട് ഉത്തരവിട്ട് ഭീകരസംഘടനയായ താലിബാന്. സംഘടനയുടെ പോരാളികളുമായി വിവാഹം നടത്തി പാക്കിസ്ഥാനിലെ വസീരിസ്താനിലേക്ക് കൊണ്ടുപോയി ഇസ്ലാമിലേക്ക് മതംമാറ്റി തിരിച്ചെത്തിക്കുമെന്ന് താലിബാന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ‘താലിബാന് പോരാളികളുമായി വിവാഹം നടത്തുന്നതിന് എല്ലാ ഇമാമുമാരും മുല്ലമാരും 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും 45ന് താഴെയുള്ള വിധവകളുടെയും പട്ടിക താലിബാന് നല്‍കണം’.-താലിബാന്റെ സാംസ്കാരിക കമ്മിഷന്റെ പേരിലുള്ള കത്തില്‍ പറയുന്നതായി ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്, പാക്കിസ്ഥാന്, ഉസ്ബക്കിസ്ഥാന്, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പോസ്റ്റുകളും പ്രധാന ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് പുതിയ ഉത്തരവെത്തിയത്. യുഎസിന്റെയും നാറ്റോയുടെയും സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പൂര്‍ണമായി പിന്മാറിയതിന് പിന്നാലെ താലിബാന് ആക്രമണം കടുപ്പിക്കുകയായിരുന്നു. പലപ്പോഴും ആയുധങ്ങളോ ശക്തിപ്പെടുത്തലോ ഇല്ലാതായതോടെ അഫ്ഗാന് സുരക്ഷാസേനയും സൈന്യവും ചെറിയ രീതിയില്‍ മാത്രമേ താലിബാനെ ചെറുക്കുന്നുള്ളൂ. ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങരുത്, പുരുഷന്മാര് താടി വളര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള താഖറില് ഇതിനുമുന്‍പ് താലിബാന് നല്‍കിയിരുന്നു.
യുഎസ് സൈന്യം 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്നതുവരെ താലിബാന്റെ ഭരണമായിരുന്നു ഇവിടെ. ഇക്കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാര്ക്ക് ഒപ്പമല്ലാതെ വെളിയിലിറങ്ങാനും വീടിനു പുറത്ത് ജോലിക്കു പോകാനും സ്കൂളില്‍ പഠിക്കാനും വിലക്കുണ്ടായിരുന്നു. ലംഘിക്കുന്നവരെ താലിബാന്റെ മത പൊലീസ് പരസ്യമായി അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: