ഉടലിലാകെയും ഉടുതുണിയിലും ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോകുന്ന കാറിന് ‘എന്തൊരു സ്പീഡ്’ എന്നു പറഞ്ഞ് കയ്യടിക്കുന്ന ബുദ്ധിവളര്‍ച്ചയും പ്രതികരണശേഷിയുമില്ലാത്ത ചലച്ചിത്ര കഥാപാത്രത്തിന്റെ തരത്തിലുള്ളതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ ചൈനാ വാഴ്ത്തു പാട്ടുകള്‍. ആ കാറിനുള്ളിലെ കാട്ടാളക്കൂട്ടം കടന്ന് കയറുന്നത് തന്റെ വീട്ടിലേക്കാണോ എന്നു പോലും ചിന്തിക്കുവാനുള്ള വകതിരിവും ഇല്ലാത്തവര്‍.
ചൈനയുടെ കരുത്തും പറഞ്ഞ് അവരുടെ കടന്നു കയറ്റത്തിന് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന് 42 വര്‍ഷങ്ങള്‍ പിന്നോട്ടു പോയി ചരിത്രം പഠിക്കണം. 1979 ല്‍ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ കടന്നാക്രമണത്തെ കുഞ്ഞു വിയറ്റ്നാം പോളിച്ചടുക്കിയതില്‍ നിന്ന് അറിയേണ്ടത് അറിയണം. കമ്യൂണിസ്റ്റ് വിയറ്റ്നാം പ്രസിഡന്റായിരുന്ന ഹോചിമീനില്‍(ഇന്തോ-ചൈനാ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍) ശിവജിയുടെ രണതന്ത്രം ചെലുത്തിയ സ്വാധീനം ഓര്‍ക്കണം. ചൈനക്കാരന്റെ കരത്തിനെത്ര കരുത്തുണ്ടെന്നും കത്തിക്കെത്ര മൂര്‍ച്ചയുണ്ടെന്നും ഭാരതം കൃത്യമായി തിരിച്ചറിയുന്നുണ്ട്. കടന്നു കയറുന്നവന്റെ കഴുത്തൊടിക്കാനുള്ള കൈക്കരുത്ത് കരുതിവെക്കുന്നുമുണ്ട്.
മാവോയെ ചെറുതാക്കുന്ന ബേബി
ചൈനീസ് കമ്യൂണിസ്റ്റ് ശതാബ്ദി വേളയിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാണന്മാരുടെ വാഴ്ത്തു പാട്ടുകള്‍ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന് അപശ്രുതികള്‍ നിറഞ്ഞതായാണ് അനുഭവപ്പെട്ടത്. പക്ഷേ, എം എ ബേബി ദേശാഭിമാനിയിലെഴുതിയ ലേഖനപരമ്പരയിലെ ചില ഏറ്റു പറയലുകള്‍ കൗതുകകരവും ആയിരുന്നു.
മാവോയുടെ ഭരണകാലത്തെ ”മഹത്തായ കുതിച്ചുചാട്ടം” (1958-1962) ഒന്നരക്കോടി പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കിയത് സഖാവ് ബേബി മറക്കാതെ കുറിച്ചോര്‍മ്മിപ്പിച്ചിരിക്കുന്നു. 1966 ല്‍ ആരംഭിച്ച ”സാംസ്കാരിക വിപ്ലവം” എങ്ങനെയായി മാറിയെന്നും ബേബി പറയുന്നുണ്ട്. ”അധികം വൈകാതെ സര്‍വ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കല്‍പ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവര്‍ മുതല്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ച അസംഖ്യം പേര് സ്ഥാനഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാന്‍ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി, (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ വേട്ടയാടപ്പെട്ടവരില്‍ ഉള്‍പ്പെടും’. ‘1976 സെപ്തംബറില്‍ മാവോയുടെ മരണത്തിന് ശേഷമാണ് തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്’ എന്ന് എം.എ. ബേബി എടുത്ത് പറഞ്ഞതും കൂടി കണക്കിലെടുക്കുമ്പോള്‍ എന്തേ ഇങ്ങനെയൊക്കെ എഴുതാനുള്ള കാരണം എന്ന് ആരും ചിന്തിച്ചു പോകും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിവേളയില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പര്‍ മുഖപത്രത്തിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ ചൈനയിലേക്കെത്താനും സ്വാഭാവിക സാദ്ധ്യതയുണ്ട്. അത്തരം ഒരു ലേഖനത്തില്‍ മാവോയെ കുറിച്ചും മാവോയുടെ ഭരണകാലത്തെ കുറിച്ചും നിറം കെടുത്തുന്ന പരാമര്‍ശങ്ങള്‍ എന്തുകൊണ്ട് കൊടുത്തെന്നാണ് കൗതുകമുണര്‍ത്തുന്നത്.
ഭരണകൂട ഭീകരതയില്‍ ഷീ ജിന്‍ പിങ്ങും
കമ്യൂണിസ്റ്റ് ഉന്മൂലനത്തിന്റെ ഭീകരതയില്‍ നിന്ന് രക്ഷപെട്ട ഇന്നത്തെ കമ്യൂണിസ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷീ ജിന്‍ പിങ്ങിന്റെ ജീവിത കഥയില്‍ എംഎ ബേബി ഉയര്‍ത്തിയ കൗതുകങ്ങള്‍ക്ക് ഉത്തരമുണ്ട്. ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ തലത്തില്‍ നിന്ന് ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും ഉന്നതശ്രേണിയിലെത്തിയ ഷീ ഷോങ്ഗ്സെന്‍ ആയിരുന്നു ഷീയുടെ പിതാവ്. അതത് കാലത്ത് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മചെയ്യുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണമെന്ന സംഹാരശേഷിയുള്ള ആയുധമുള്ളത്. ആവര്‍ത്തിച്ചുള്ള ശുദ്ധീകരണം പലപ്പോഴും ഇരയായ പാര്‍ട്ടി സഖാവിനെ കൊന്നു കുഴിച്ചു മൂടുന്നതിനുള്ള വഴിയായി മാറാറുമുണ്ട്. ഷീ ഷോങ്ഗ്സെനും കുടുംബവും നിരന്തരം അത്തരം മനുഷ്യത്വരഹിതമായ ‘ശുദ്ധീകരണത്തിന്’ ഇരകളാക്കപ്പെട്ടു.
1935ല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഇടത് തെറ്റുതിരുത്തല്‍ പ്രക്രിയയുടെ (ലെഫ്റ്റ് റെക്റ്റിഫിക്കേഷന്‍) ഭാഗമായി അദ്ദേഹത്തെയും ലിയു ഷിദാനെയും ഗാവോ ഗാങ്ങിനെയും ജയിലിലടക്കുകയും തുടര്‍ന്ന് വധിക്കുവാന്‍ വിധിക്കുകയും ചെയ്തു.
വിധിനടപ്പാക്കുവാന്‍ നിശ്ചയിച്ചതിന് നാലുദിവസം മുമ്പ് അവിടെയെത്തിയ മാവോ സേതൂങ്ങ് വധശിക്ഷ റദ്ദു ചെയ്തതുകൊണ്ടു മാത്രമാണ് അവര്‍ രക്ഷപെട്ടത്. അതേ മാവോ തന്നെ 1960കളില്‍, അതിനകം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരണവിഭാഗത്തിന്റെ തലവന്‍ വരെയായ ഷീ സോങാഗ്സനെ, വിശ്വാസവഞ്ചനയുടെ പേരില്‍ പുറത്താക്കി. അന്ന് ഷീ ജിന്‍ പിങ്ങിന് ഒമ്പതു വയസ്സായിരുന്നു. ഷീയ്ക്ക് പതിനഞ്ചുവയസ്സായപ്പോള്‍ ‘സാംസ്കാരിക വിപ്ലവത്തിന്റെ’ ഭാഗമായ ‘ശുദ്ധീകരണ’ പ്രക്രിയയുടെ പേരു പറഞ്ഞ് കമ്യൂണിസ്റ്റു ഭരണം അച്ഛനെ ജയിലിലടച്ചു. മകനെ മാവോയുടെ ‘ഡൗണ്‍ ടു ദി കണ്ട്രിസൈഡ്’ പദ്ധതിയുടെ ഭാഗമായ ‘പുനര്‍ വിദ്യാഭ്യാസത്തിന്’ മൂന്നു കോടി ‘സെന്‍ഡ് ഡൗണ്‍ യൂത്തില്‍’ ഒരുവനായി ഗ്രാമങ്ങളില്‍ നിര്‍ബന്ധിത വേലയ്ക്കും ബലമായി പറഞ്ഞുവിട്ടു. അതേ ‘സാംസ്കാരിക വിപഌവത്തിന്റെയും’ ‘ശുദ്ധീകരണത്തിന്റെയും’ പീഡനങ്ങള്‍ക്ക് വിധേയയായി ഷീ ജിന്‍ പിങ്ങിന്റെ അര്‍ദ്ധ സഹോദരി (അച്ഛന്റെ ആദ്യഭാര്യയിലെ മകള്‍) ഷീ ഹേപിങ്ങ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ഷീ അധികാരം പിടിച്ചപ്പോള്‍
പാര്‍ട്ടി ചവിട്ടിത്തള്ളിയ കുഴിയില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലെത്തിയ ഷീ ജിങ്ങ് പിങ്ങ് ഇന്ന് വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയായി മാറിയിരിക്കുന്നു. ചൈനയുടെ പ്രസിഡന്റ് പദവിയില്‍ രണ്ടുതവണമാത്രമെന്ന പരിധിയെടുത്തു കളഞ്ഞ് ഷീ ജിങ്ങ് പിങ്ങിന് ആയുഷ്ക്കാലം ആ കസേരയിലിരിക്കാനുള്ള വഴിതുറന്നിരിക്കുന്നു. അതിനുതകുന്ന ഭേദഗതി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് എന്ന തിരുവായ്ക്ക് എതിരു പറയാത്തവരുടെ സഭ 2958 അനുകൂല വോട്ടുകളോടെയാണ് പാസ്സാക്കിയത്. രണ്ട് പേര് എതിര്‍ത്ത് വോട്ടു ചെയ്തു; മൂന്നു പേര് പങ്കെടുത്തില്ല! മാവോ കാലത്തെ ശുദ്ധീകരണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രാജ്യത്ത് എതിരായി ഉയരാന്‍ ഇടയുള്ള തലകളെയല്ലാം അടിച്ചിരുത്തിയിരിക്കുകയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി. അധികാരം മുഴുവന്‍ ആ ഏകാധിപതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
നാഷണല്‍ സെക്യൂരിറ്റി കമ്മീഷന്, സാമ്പത്തിക- സാമൂഹിക പരിഷ്കരണങ്ങള്‍ക്കുള്ള സ്റ്റിയറിങ്ങ് കമ്മറ്റികള്‍, മിലിറ്ററി പുന:സംഘടന, ഇന്റര്‍നെറ്റ് എല്ലാം ഏകാധിപതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍. ഷീയുടെ രാഷ്ട്രീയം പാര്‍ട്ടിയുടെയും ചൈനയുടെയും ഭരണഘടനയുടെയും രാഷ്ട്രീയമാക്കിയിരിക്കുന്നു. ഇന്നത്ത ചൈനീസ് ഏകാധിപതിയുടെ കുടുംബത്തെയാകെ ‘ശുദ്ധീകരിച്ച്’ ഒരു പരുവമാക്കിയ മാവോയുടെ ഭരണത്തെ കുറിച്ച് ഒതുക്കത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ച് ഷീ ജിന്‍ പിങ്ങിനെ ഉള്ളാലെ തൃപ്തനാക്കാക്കുകയായിരിക്കാം ബേബിയുടെ ലേഖനത്തിന്റെ ലക്ഷ്യം.
സാര്‍വദേശീയ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ ദിശയിലേക്ക് മാനവരാശിയെ നയിക്കുന്നതിന് നൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തു സംഭാവന ചെയ്തുവെന്ന് വിധേയത്വം അംഗീകരിച്ചുകൊണ്ടുതന്നെ സിപിഎമ്മിന് ചോദിച്ചുകൂടെ? ചോദ്യം തിരിച്ചു ചോദിച്ചാല്‍ നാണക്കേടാകുമെന്നറിയാം. എങ്കിലും അങ്ങനെയൊരു ചോദ്യം, അക്കാദമികതാത്പര്യം മാത്രം കണക്കിലെടുത്താല്‍ പോലും, അനിവാര്യമാണ്.
ആ വിഷയം ചര്‍ച്ചയായാല്‍ കമ്യൂണിസ്റ്റ് സഹോദരരാജ്യമായ സോവിയറ്റ് യൂണിയനെ വരിഞ്ഞു മുറുക്കാന്‍ റിച്ചാര്‍ഡ് നിക്സനെയും ഹെന്റി കിസിഞ്ചറെയും നാട്ടില്‍ വിളിച്ചു കയറ്റി അമേരിക്കയുമായി തന്ത്രപരമായി യോജിച്ചതെങ്ങനെ ന്യായീകരിക്കുമെന്ന് ചൈനയിലെ സഖാക്കളോട് ചോദിക്കേണ്ടി വരും.
ഭാരതത്തോടുള്ള കമ്യൂണിസ്റ്റ് ചൈനയുടെ സമീപനവും ചര്‍ച്ച ചെയ്ത് ഇനി പറയുന്ന ചോദ്യങ്ങളും ചോദിക്കേണ്ടി വരും. 1)സ്വാതന്ത്ര്യം പ്രാപിച്ച് ജനാധിപത്യം സ്വീകരിച്ച ഭാരതം വ്യത്യസ്തമായ പ്രത്യയയശാസ്ത്രങ്ങള്‍ക്കൊക്കെ മത്സരിച്ച് ഇടം പിടിക്കാന്‍ അവസരം ഒരുക്കിയിരുന്നില്ലേ? 2) ചൂഷിതരും മര്‍ദ്ദിതരുമായി നല്ലനാളെയ്ക്കു വേണ്ടി പൊരുതി മരിക്കുവാന്‍ സാദ്ധ്യതയുള്ള ഒരു വലിയ ജനകീയശക്തി കമ്യൂണിസ്റ്റ് പരീക്ഷണത്തിന് സജ്ജമായിരുന്നില്ലേ? 3) കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനപ്രതിപക്ഷമായി, അന്ന്, ഭാരതരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നുമില്ലേ? 4) എന്തിനേറെ പറയണം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പ്രതിരോധമന്ത്രി വികെ കൃഷ്ണ മേനോനും ചൈനാ/സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുമായി ചങ്ങാത്തത്തിന് ആവേശം കാട്ടിയവരായിരുന്നില്ലേ? 5) ആ സാഹചര്യത്തില്‍ ഭാരതത്തിനെതിരെ കടന്നാക്രമണത്തിനു വരാതെയും, സോവിയറ്റ് യൂണിയനുമായി കൊമ്പുകോര്‍ക്കാന്‍ മുതലാളിത്ത രാജ്യമായ അമേരിക്കയോട് ചങ്ങാത്തം കൂടാതെയും സ്വന്തം രാജ്യത്ത് മാതൃകാപരമായ ജനകീയ ജനാധിപത്യത്തിന്റെ മാതൃക വളര്‍ത്തുകയും ഭാരതം പോലെയുള്ള അയല്‍ രാജ്യങ്ങളിലെ ബഹുജന മൂന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഭാരതത്തെയും കമ്യൂണിസ്റ്റ് രാഷ്ട്രമാക്കുന്നതിന് സകാരാത്മക സംഭാവന ചെയ്യുവാന്‍ ചൈനയ്ക്ക് കഴിയുമായിരുന്നില്ലേ? 6) അങ്ങനെ ഭാരതവും ചൈനയും സോവിയറ്റ് യൂണിയനും ചേര്‍ന്ന ഒരു വലിയ ഭൂപ്രദേശത്ത് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ വഴി തുറന്നിരുന്നുവെങ്കില്‍ അതാകുമായിരുന്നില്ലേ സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്വത്തിലേക്കുള്ള ഫലപ്രദമായ മാര്‍ഗം? ആ ചോദ്യങ്ങള്‍ക്ക് ചൈന ഉത്തരം തന്നാലുമില്ലെങ്കിലും സാമ്രാജ്യത്വ വിസ്താരത്തിനുള്ള അതിമോഹം കാരണം അത്തരം ചരിത്രപരമായ ഒരു സാദ്ധ്യതയെ പരിഗണിക്കുക പോലും ചെയ്യാതിരുന്ന ചൈനയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെ കമ്യൂണിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനും അവരോട് ചങ്ങാത്തം കൂടി ഭാരതീയ ദേശീയതയെ എതിര്‍ക്കുവാനും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ നിര്‍ബന്ധിതരാക്കുന്ന നിവൃത്തികെട് എന്താണെന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ ഉത്തരം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: