ടോക്കിയോ: കായിക മേഖലക്കൊന്നാകെ പുത്തന്‍ ഉണര്‍വുമായെത്തുന്ന ടോക്കിയോ ഒളിമ്പിക്സിന് ഇനി ഏഴ് നാള്. കൊവിഡ് മഹാമാരിയില്‍ നിയന്ത്രണങ്ങളുടെ നടുവിലാണ് ഇത്തവണത്തെ ഒളിമ്പിക്സ്. കാണികള്‍ക്ക് പ്രവേശനമില്ല. അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള നടപടികളുമായാണ് ടോക്കിയോ നഗരം മുന്നോട്ട് പോകുന്നത്.
ഒളിമ്പിക്സ് നഗരമെന്ന് കേള്‍ക്കുമ്പോഴുള്ള ആരവങ്ങളോ ആഘോഷങ്ങളോ ഇത്തവണയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ കുത്തൊഴിക്കും ഉണ്ടാകില്ല. യഥാക്രമം മത്സരങ്ങള്‍ നടക്കുമെന്ന് മാത്രം. ടെലിവിഷനിലൂടെയുള്ള ആവേശമാണ് ഇത്തവണത്തെ ഒളിമ്പിക്സിന്റെ പ്രത്യേകത. ലോകമെങ്ങുമുള്ള ജനത സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഒന്നാകും. ജൂലൈ 23ന് ആരംഭിക്കുന്ന കായിക മേള രണ്ടാഴ്ച പിന്നിട്ട് ആഗസ്റ്റ് എട്ടിന് അവസാനിക്കും.
ഒളിമ്പിക്സിനായി പുതുതായി പണിത നാഷണല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. 2020ല്‍ നടക്കേണ്ട മേള കൊവിഡ് വ്യാപനം മൂലം ഒരു വര്‍ഷത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. എങ്കിലും ടോക്കിയോ ഒളിമ്പിക്സ് അറിയപ്പെടുക ടോക്കിയോ 2020 എന്ന പേരില്‍ തന്നെയാണ്. ഒരു ഘട്ടത്തില്‍ ഒളിമ്പിക്സ് ഉപേക്ഷിക്കേണ്ട സാഹചര്യവും ചര്‍ച്ചകളും ഉണ്ടായെങ്കിലും നിയന്ത്രണങ്ങളോടെ നടത്താന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു. ഇതിനെ ചൊല്ലി ജപ്പാനില്‍ ഇന്നും പ്രതിഷേധം ഉയരുന്നത് മറ്റൊരു വശം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന മേളക്ക് 206 രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. പരിശീലകരെയും സ്റ്റാഫ് അംഗങ്ങളെയും കുറച്ചാണ് രാജ്യങ്ങള്‍ ടീമിനെ അയച്ചിരിക്കുന്നത്.
33 കായിക ഇനങ്ങളിലായാണ് മത്സരം. മേളയുടെ തന്നെ ശ്രദ്ധേയ ഇനമായ നൂറ് മീറ്റര്‍ റേസില്‍ ഇത്തവണ ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന് ഗാട്ലിനും ഇല്ല. പുത്തന്‍ വേഗരാജാവിനെ കണ്ടെത്തുന്നതിന്റെ ആകാക്ഷയും മേളക്കുണ്ട്. 2008ന് ശേഷം സോഫ്റ്റ്ബോളും ബേസ്ബോളും ടോക്യോയിലുണ്ട്. ഫുട്ബോള്‍, ഹോക്കി, ഷൂട്ടിങ്, ബോക്സിങ്, നീന്തല്‍, ഗുസ്തി എന്നീ ഇനങ്ങളും മേളയുടെ മാറ്റ് കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: