കോഴിക്കോട്: ഭര്‍ത്താവ് അബ്ദുല്ല മൂന്ന് വട്ടം തലാഖ് നോട്ടീയസയച്ച്, നാല് മക്കളെയും അടര്‍ത്തിയെടുത്ത് മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറ്റിയതോടെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഭയപ്പാടോടെ കഴിയുകയാണ് ഫരീദ. വീടിന് അടുത്തുള്ള സ്കൂളില്‍ ഉണ്ടായിരുന്ന അറബിക് ടീച്ചറുടെ ജോലിയും ഭര്‍ത്താവ് അബ്ദുള്ള തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഒഴിവാക്കിയതോടെ ഫരീദയ്ക്ക് ജീവിതം കടലിനും ചെകുത്താനും മധ്യേയുള്ള നരകമായിരിക്കുന്നു.
ഒറ്റയ്ക്ക് കഴിയുന്ന പണിതീരാത്ത വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഫരീദയ്ക്ക് പേടിയാണ്. കാരണം താന്‍ പുറത്തിറങ്ങിയാല്‍ തൊട്ടടുത്തു താമസിക്കുന്ന അബ്ദുല്ലയുടെ ബന്ധുക്കള്‍ വീട് പുറത്തുനിന്നും പൂട്ടുമെന്ന ഭീതിയാണ് ഫരീദയ്ക്ക്. അങ്ങിനെ സംഭവിച്ചാല്‍ താന്‍ എന്നെന്നേയ്ക്കുമായി വഴിയാധാരമാകും. അതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ, ഭീതിയോടെ കഴിച്ചുകൂട്ടുകയാണ് ഫരീദ.
’60 പവന് നല്‍കിയാണ് തന്നെ കുടുംബക്കാര് നിക്കാഹ് ചെയ്തയച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞപ്പോള്‍ പിന്നെയും 17.5 പവന് കൂടി കൊടുത്തു. തൊട്ടടുത്ത എയ്ഡഡ് സ്കൂളില്‍ അറബിക് ടീച്ചറുടെ ഉദ്യോഗമുണ്ടെന്നറിഞ്ഞപ്പോള്‍ സ്വര്‍ണ്ണം വിറ്റാണ് ജോലിക്ക് ചേര്‍ന്നത്. ആദ്യം താല്ക്കാലികമായിരുന്ന ജോലി 2015ല്‍ സ്ഥിരമായി. എന്നാല്‍ വിവാഹബന്ധത്തില്‍ അഭിപ്രായഭിന്നത ഉണ്ടായപ്പോള്‍ ഭര്‍ത്താവ് തന്നെ ജോലിയില്‍ നിന്നും രാജിവെക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ജോലി രാജിവെച്ചു. ഒഴിഞ്ഞുപോരുമ്പോള്‍ കിട്ടിയ ഒരു ലക്ഷം രൂപ തൊഴില്‍ക്കുടിശ്ശികയും (അരിയേഴ്സ്) ഭര്‍ത്താവിന് കൈമാറി. ഇപ്പോള്‍ എന്റെ സ്വര്‍ണ്ണവും പോയി, ജോലിയും പോയി, കുട്ടികളും പോയി,’ തേങ്ങലോടെ ഫരീദ പറയുന്നു.
രജിസ്ടേഡ് പോസ്റ്റിലാണ് മൂന്ന് തലാഖുകള്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ അബ്ദുള്ള പൂവോലി ഫരീദയ്ക്ക് അയച്ചത്. ഇതോടെ ഇവര്‍ തമ്മിലുള്ള വിവാഹബന്ധം സ്വാഭാവികമായും വേര്‍പ്പെട്ടു.
എന്നാല്‍ ഫരീദയുടെ ദുര്യോഗം കണ്ട് മനസ്സലിഞ്ഞ ഏറാമലയിലും മുതുവടതൂരും ഉള്ള നാട്ടുകാര്‍ ഒരു സമരസമിതി രൂപീകരിച്ചു. ഭര്‍ത്താവ് അബ്ദുല്ല ധനികനായ ഒരു ഗള്‍ഫ് ബിസിനസുകാരനാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കുന്നതിനാല്‍ അവരും അബ്ദുല്ലയോടൊപ്പമാണ്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനാണ് അബ്ദുല്ല മുത്തലാഖ് ചൊല്ലി ബന്ധം പിരി്ഞ്ഞതെന്ന് ഫരീദ പറയുന്നു. . ഇതിന്റെ പേരില്‍ നിരന്തരം ഫരീദയെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു.
മുത്തലാഖ് നിയമത്തെ മറികടക്കാന്‍ രജിസ്റ്റേഡ് പോസ്റ്റ് വഴിയാണ് അബ്ദുള്ള തലാഖുകള്‍ അയച്ചത്. ഇനി ഫരീദയെ പ്ണിപൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും കൂടി പുറന്തള്ളാനുള്ള നീക്കത്തിലാണ് അബ്ദുല്ലയെന്ന് ഫരീദയുടെ മരുമകന് അസറുദ്ദീന് പറയുന്നു.
വടകര കോടതിയില്‍ ഗാര്‍ഹിക പീഢനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഫരീദ. കുട്ടികളെ തിരികെനല്‍കാനും ജീവിക്കാനാവശ്യമായ ജീവനാംശവും ഫരീദ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഫരീദയെ കോടതിയില്‍ ഹാജരാക്കാന്‍ പോലും ഭയമാണെന്ന് അസറുദ്ദീന് പറയുന്നു. കാരണം വീട്ടില്‍ നിന്നും വിട്ടുനിന്നാല്‍ അബ്ദുല്ലയുടെ ബന്ധുക്കള്‍ വീട് പുറത്ത് നിന്നും പൂട്ടുമോ എന്ന ഭയത്തിലാണ് ഫരീദ.
രാഷ്ട്രീയമായി തന്നെ സമരസമിതി വേട്ടയാടുകയാണെന്നും ഫരീദയാണ് വിവാഹമോചനം ആവശ്യപ്പെടുന്നതെന്നുമാണ് അബ്ദുല്ലയുടെ വാദം. എന്നാല്‍ ഈ വാദത്തെ സമരസമിതി കണ്‍വീനര്‍ കോട്ടയില്‍ രാധാഷ്ണന്‍ തള്ളിക്കളയുന്നു. ‘അബ്ദുല്ല മൂന്ന് തവണ തലാഖ് നോട്ടീസുകള്‍ അയച്ചതിന് ശേഷമാണ് സമരസമിതി രൂപീകരിച്ചത്. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുള്ളവരും വീട്ടുകാരും ഈ സമരസമിതിയില്‍ അംഗങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: