സംഘടിത ശക്തികള്‍ കൈയൂക്ക് അനുഭവിക്കേണ്ടിവന്ന ആദ്യത്തെ വ്യവസായി അല്ല കിറ്റക്സിന്റെ സാബു ജേക്കബ്. മുഷ്ടിചുരുട്ടുന്ന മുഷ്ക്കിനു മുന്നില്‍ പിടിച്ചുനില്ക്കാന് കേരളം വിടുക എന്നതിനും സാബുവിന് വഴികാട്ടിയുണ്ട്. ബിനു ഫിലിപ്പോസ്. മെഡിക്കല്‍ ഉപകരണ ബിസിനസില്‍ വിശ്വാസ്യതയുടെ പ്രതിരൂപമായി അറിയപ്പെടുന്ന സുരക്ഷയെന്ന ബ്രാന്‍ഡിന്റെ സാരഥി. കിടപ്പു രോഗികളുടെ അതിജീവനത്തിനും ചികിത്സക്കും മെച്ചപ്പെട്ട ജീവിതത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങളുമായി, കാരുണ്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്ഥാപനമായി സേവന മെഡിനീഡ്സ് വളര്‍ന്നതിന് പിന്നില്‍ ബിനുവിന്റെ അര്‍പ്പണ ബോധവും വെല്ലുവിളികളില്‍ പതറാത്ത മനസ്സും നന്മയുമുണ്ട്.
കിഴക്കമ്പലത്ത് ചെറിയ രീതിയില്‍ ആരംഭിച്ച് വളര്‍ച്ചയിലേക്ക് എത്തിയപ്പോളാണ് ‘സേവന’ ക്കെതിരെ ഫാക്ടറിയുടെ സമീപത്തു നിന്ന് ജോലിക്കെടുത്ത ഏതാനും വ്യക്തികളെ ഉപയോഗിച്ച് പ്രാദേശിക രാഷ്ട്രീയക്കാര്‍ രഹസ്യമായി അട്ടിമറികള്‍ ആരംഭിച്ചത്. തൊഴിലാളി യൂണിയന് രൂപീകരിക്കാനുള്ള ശ്രമം നടന്നു. നന്നായി ജോലി ചെയ്തിരുന്നവര്‍ നാലിലൊന്ന് മാത്രം ജോലിയെടുക്കാന്‍ തുടങ്ങി. എന്താണ് കാര്യമെന്നു ചോദിച്ചാല്‍ ആരും മിണ്ടില്ല. ഒരു തരത്തിലും ജോലികള്‍ നടക്കാത്ത സാഹചര്യം. കമ്പനിയിലേക്ക് ഓട്ടം വിളിച്ചാല്‍ ഓട്ടോ റിക്ഷക്കാര്‍ പോലും വരില്ലെന്നായി. ചരക്ക് നീക്കാന്‍ പല മടങ്ങ് കൂലി ചോദിച്ചു തുടങ്ങി. നിരക്ക് കുറക്കാന്‍ പറഞ്ഞാല്‍ ചീത്ത വിളിക്കും. പിന്നീട് വരില്ല. ആരെയും വിടുകയുമില്ല.. 2014 ല്‍ സേവനയിലേക്ക് വന്ന കണ്ടെയ്നര്‍ തടഞ്ഞു. ഫാക്ടറിക്ക് മുന്പിലെ റോഡിലൂടെ കണ്ടെയ്നര്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന നിയമം പുതിയതായി എഴുതിച്ചേര്‍ത്തായിരുന്നു പ്രശ്നമുണ്ടാക്കിയത്. സ്ഥലം വാങ്ങി കമ്പനിയിലേക്ക് പുതിയ റോഡ് പണിയേണ്ടി വന്നു.ഓര്‍ഡറും മാര്‍ക്കറ്റും ഉണ്ടെങ്കിലും ഉല്‍പ്പാദനവും പാക്കിംഗും പ്രതിസന്ധിയിലായതോടെ സംരംഭം പൂട്ടുന്നതിനെക്കുറിച്ചും ആലോചിച്ചു.രാഷ്ട്രീയപരമായ ഇടപെടലുകളാണ് മുന്നോട്ടു പോകാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയിരുന്നതെന്ന് മനസിലാക്കിയ ബിനു, തമിഴ്നാട്ടിലും ഒരു ഉല്‍പ്പാദന യൂണിറ്റ് തുടങ്ങി. പ്രശ്നങ്ങള്‍ പരിഹരിച്ച് സേവന മെഡിനീഡ്സ് പുതിയൊരു കുതിപ്പാരംഭിച്ചു.പ്രതിബന്ധങ്ങളുടെയും തിരിച്ചടികളുടെയും ഘോഷയാത്രകളെ ചങ്കുറപ്പോടെ നേരിട്ട് പൊരുതിയ ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭകയുടെ വിജയം പ്രതീക്ഷ നല്‍കുന്നതാണ്.
മുഷ്ടിചുരുട്ടിയ മുഷ്ക്കിനു മുന്നില്‍ പിടിച്ചു നിന്ന കഥ ബിസിനസ് വോയിസ് പറയുന്നു
പ്രതിബന്ധങ്ങളുടെയും തിരിച്ചടികളുടെയും ഘോഷയാത്രകളെ ചങ്കുറപ്പോടെ നേരിട്ട് പൊരുതി നേടിയ വിജയമാണ് ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭകയുടേത്. മെഡിക്കല്‍ ഉപകരണ ബിസിനസില്‍ വിശ്വാസ്യതയുടെ പ്രതിരൂപമായി ദക്ഷിണേന്ത്യയാകെ ഇന്ന് അറിയപ്പെടുന്ന സുരക്ഷയെന്ന ബ്രാന്‍ഡിന്റെ സാരഥി. കിടപ്പു രോഗികളുടെ അതിജീവനത്തിനും ചികിത്സക്കും മെച്ചപ്പെട്ട ജീവിതത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങളുമായി, കാരുണ്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു സ്ഥാപനമായി സേവന മെഡിനീഡ്സ് വളര്‍ന്നതിന് പിന്നില്‍ ബിനുവിന്റെ അര്‍പ്പണ ബോധവും വെല്ലുവിളികളില്‍ പതറാത്ത മനസ്സും നന്മയുമുണ്ട്. ഒപ്പം സംരംഭകനായ പിതാവ് പകര്‍ന്ന ആത്മവിശ്വാസവും..
തൊണ്ണൂറുകളുടെ തുടക്കത്തില്‍ എന്‍ഐടി വാറങ്കലില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയിറങ്ങുമ്പോള്‍ ബിനു ഫിലിപ്പോസിന്റെ മുന്നില്‍ പിതാവ് ഫിലിപ്പോസിന്റെ പാദമുദ്രകളാണ് തെളിഞ്ഞു നിന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ എന്‍ഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങിയയാളാണ് പിതാവ്. ഒരു ശമ്പള ജോലിക്കാരനാകാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നില്ല.
അദ്ദേഹത്തെ പോലെ മിടുക്കനായ ഒരു ബിരുദധാരിക്ക് സര്‍ക്കാര്‍ ജോലിയും അക്കാലത്ത് അന്യമായിരുന്നില്ല. എന്നാല്‍ സംരംഭകത്വത്തിന്റെ കാറ്റ് വീശുന്ന കിഴക്കമ്പലത്ത് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് താല്‍പ്പര്യപ്പെട്ടത്, 1970 കളില്‍ 150 പേര്‍ക്ക് തൊഴില്‍ നല്കിയ വേവ്സ് ഇലക്ട്രോണിക്സ്. മൂന്നോളം സമരങ്ങളില്‍ തളര്‍ന്ന് അത് പൂട്ടിയപ്പോള്‍ അദ്ദേഹം സേവന ഇലക്ട്രിക്കല്‍ അപ്ലയന്‍സസ് സ്ഥാപിച്ചു. ഫിലിപ്പോസിന്റെ മൂത്ത പുത്രിയായ ബിനുവിനും ക്യാംപസ് സെലക്ഷന് കിട്ടിയിരുന്നു. സഹപാഠികളെല്ലാം ക്യാംപസ് സെലക്ഷനിലൂടെ ജോലിയിലേക്ക് നീങ്ങിയപ്പോള്‍ ബിനു കിഴക്കമ്പലത്തെ തറവാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. വെല്ലുവിളി നിറഞ്ഞ വലിയൊരു ഉത്തരവാദിത്തം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പിതാവിനെ ബിസിനസില്‍ സഹായിക്കാന്‍ വേണ്ടിയായിരുന്നു ബിനുവിന്റെ മടക്കം. എന്നാല്‍ മകളെ ഒരു സ്വതന്ത്ര സംരംഭകയാക്കാനാണ് ഫിലിപ്പോസ് ആഗ്രഹിച്ചിരുന്നത്. അതിനൊത്ത ഒരു സാഹചര്യവും അന്ന് നിലവിലിരുന്നു. പിതാവിന്റെ ഏറ്റവുമടുത്ത സൃഹൃത്തിന് ഗുരുതരമായ ഒരു ആക്സിഡന്റ് സംഭവിച്ച് കഴുത്തിന് കീഴ്പ്പോട്ട് തളര്‍ന്നു കിടപ്പായി.
1983 ലാണ് ഈ അപകടം സംഭവിക്കുന്നത്. കിടപ്പ് രോഗികളില്‍ മൂത്ര വിസര്‍ജ്ജനം സുഗമമാക്കുന്നതിന് ആവശ്യമായ കോണ്ടം കത്തീറ്റര്‍ അന്ന് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ഓരോ ദിവസവും മാറ്റി പുതിയത് ഘടിപ്പിക്കേണ്ട, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കത്തീറ്ററിന് 40-80 രൂപയായിരുന്നു വില. അന്നത്തെ കാലത്ത് താങ്ങാനാവാത്ത തുക! ഏറെക്കാലം കോണ്ടം കത്തീറ്റര്‍ ഇറക്കുമതി ചെയ്ത് അദ്ദേഹത്തിനു വേണ്ടി ഉപയോഗിച്ചു.
ചെലവ് താങ്ങാനാവാതായതോടെ ഈ ഉപകരണം ഇവിടെ നിര്മിച്ചുകൂടേയെന്ന ആലോചനയായി. റബ്ബര്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ ഫിലിപ്പോസ് ഒരു പ്രൊജക്റ്റ് തയാറാക്കി. ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത കോണ്ടം കത്തീറ്റര്‍. സൗഹൃദവും ആവശ്യകതയും ചേര്‍ന്നുണ്ടായ ഉല്‍പ്പന്നം. കോണ്ടം കത്തീറ്റര്‍ വിജയമായി. സൃഹൃത്തിന്റെ ചികിത്സാ ചെലവ് ഗണ്യമായി കുറഞ്ഞു.
ഉല്‍പ്പന്നത്തെ കുറിച്ച് കേട്ടറിഞ്ഞ് ആവശ്യക്കാര്‍ തേടിയെത്താന്‍ തുടങ്ങി. എന്തുകൊണ്ട് വാണിജ്യ തലത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു കൂടായെന്ന് പലയിടങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഫിലിപ്പോസ് ആ ചോദ്യം മകള്‍ക്കു നേരെ ഏറിഞ്ഞു. ”നീയൊരു കെമിക്കല്‍ എന്‍ജിനീയറല്ലേ. ഇത് ഒരു റബ്ബര്‍ പ്രൊഡക്റ്റുമാണ്. തമ്മില്‍ ബന്ധമുള്ള മേഖലയാണല്ലോ. എന്തുകൊണ്ട് കോണ്ടം കത്തീറ്റര്‍ വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടാ?” ചോദ്യം ഉയര്‍ത്തിയത് പിതാവും അങ്കിളും കൂടിയാണ്.
സംരംഭകയുടെ ജനനം
ഒഴിഞ്ഞു മാറാനാണ് ബിനു ആദ്യം ശ്രമിച്ചത്. പഠനം കഴിഞ്ഞെത്തിയതേ ഉള്ളൂ. ഒരു സംരംഭം തനിയെ എങ്ങനെ തുടങ്ങണമെന്നും എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നുമൊന്നും അറിയില്ല. പ്രൊഡക്റ്റിനെക്കുറിച്ചും അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ നല്ലൊരു സംരംഭകനായ പിതാവ് വിടാന്‍ ഒരുക്കമായിരുന്നില്ല. ”ഒന്ന് ശ്രമിച്ചു നോക്കൂ. ഇതൊരു പ്രൊഡക്റ്റല്ലേ. ഒട്ടും പറ്റില്ലെങ്കില്‍ നിര്‍ത്താമല്ലോ”എന്നായി അദ്ദേഹം. ബിടെക് കഴിഞ്ഞ് ഒരു ചെറിയ ജോലി പോലും ചെയ്യാതെ ആ 22 കാരി അങ്ങനെ ഒരു സംരംഭത്തിന്റെ മാതാവായി.
സേവന മെഡിനീഡ്സ് പിറന്നു. വെറും അന്‍പതിനായിരം രൂപയുടെ മൂലധനമാണ് സംരംഭം ആരംഭിക്കാന്‍ ഉണ്ടായിരുന്നത്. കിടപ്പിലായ അങ്കിളിനെ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ബിനുവിന്റെ പിതാവും എല്ലാം ചേര്‍ന്ന് സ്വരുക്കൂട്ടിയ 1.5 ലക്ഷം രൂപയില്‍ അതുവരെ ചെലവായ തുകയുടെ നീക്കിയിരിപ്പ്. ഇതിനൊപ്പം 45,000 രൂപ കൂടി കൊണ്ടുവന്ന് 95,000 രൂപയുടെ മൂലധന കരുത്തില്‍ സംരംഭം പ്രവര്‍ത്തനത്തിന് സജ്ജമായി.
പ്രൊഡക്ഷനും മാര്‍ക്കറ്റിംഗിനും ഓരോ ആളുകളും പിന്നെ സംരംഭകയും ചേര്‍ന്ന് മൂന്ന് ആളുകളുമായി കിഴക്കമ്പലത്ത് അങ്ങനെ സംരംഭത്തിന് ശുഭാരംഭം. രണ്ട് വീടുകളിലാണ് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചത്. സംരംഭത്തിന്റ രജിസ്ട്രേഷനില്‍ തന്നെ കല്ലുകടിച്ചു. രജിസ്ട്രേഷന് ആവശ്യത്തിന് ഓഫീസിലെത്തിയപ്പോള്‍ 200 രൂപ കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ അനങ്ങില്ല. ’50 രൂപ കൈയിലില്ലാത്ത ഞാനെങ്ങനെയാ 200 രൂപ കൈക്കൂലി കൊടുക്കുന്നത്. അവിടം തൊട്ട് ഫൈറ്റ് ചെയ്തു തുടങ്ങിയതാണ്,” തിരിച്ച് വീട്ടിലെത്തി ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ് ഡയറക്ടറേറ്റിന് (ഡിഐസി) ബുദ്ധിമുട്ടുകള്‍ വിവരിച്ച് ഒരു കത്തെഴുതുകയാണ് ബിനു ചെയ്തത്. ഡയറക്ടറേറ്റിന്റെ മേധാവി ബിനുവിനെ ഒരു കൂടിക്കാഴ്ചക്ക് വിളിച്ചു. രണ്ട് ദിവസത്തിനകം സംരംഭത്തിന് അനുമതിയും കിട്ടി. ആദ്യ കടമ്പ അങ്ങനെ കടന്നു.
”എല്ലാം തനിയെ ചെയ്യണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. തുടക്കം മുതല്‍ എല്ലാം ഞാന്‍ തനിച്ചാണ് ചെയ്തതും. ബിസിനസിന്റെ കാര്യങ്ങള്‍ക്ക് ഒരു ചെറിയ പെണ്‍കുട്ടി ഒരു ഓഫീസില്‍ കയറിച്ചെല്ലുമ്പോള്‍ അവര്‍ ഒരു വിലയും കല്പ്പിക്കില്ല. പിതാവിന് ഒന്ന് സഹായിച്ചു കൂടേയെന്ന് ആലോചിച്ചു പോയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് എല്ലാം കൈകാര്യം ചെയ്തത്. എന്നാല്‍ ഇന്ന് പുറകോട്ട് നോക്കുമ്പോള്‍ അതാണ് എനിക്ക് ഏറ്റവും വലിയ പാഠം. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ധൈര്യം തന്നത് ആ തുടക്ക കാലമാണ്,”ബിനു പറയുന്നു.
ഉല്‍പ്പാദനം വീടുകളില്‍
പിതാവ് സ്ഥാപിച്ച സേവന ഗ്രൂപ്പിന് ഒരു പ്രവര്‍ത്തന ശൈലിയുണ്ടായിരുന്നു-വികേന്ദ്രീകൃത ഉല്‍പ്പാദനം. വലിയ ഫാക്റ്ററി സ്ഥാപിക്കാതെ കുടില്‍ വ്യവസായവുമായും മറ്റും നിരവധി യൂണിറ്റുകളിലൂടെ ഉല്‍പ്പാദനം നടത്തുന്ന രീതിയായിരുന്നു ഇത്. ബിനുവും തന്റെ സംരംഭത്തില്‍ ഇതേ ശൈലി തന്നെയാണ് പിന്തുടര്ന്നത്. ആദ്യം മെഷീനറി ഡിസൈന്‍ ചെയ്തു. ആളുകള്‍ക്ക് പരിശീലനവും അസംസ്കൃത ഉല്‍പ്പന്നങ്ങള്‍ നല്കി കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു. ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി പാക്ക് ചെയ്ത് മാര്‍ക്കറ്റിലേക്ക് അയച്ചു.
ആദ്യഘട്ടത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് യൂറികോണ്ട് എന്ന് പേരിട്ട കോണ്ടം കത്തീറ്ററിന് വിപണി കണ്ടെത്തിയത്. മാര്‍ക്കറ്റിംഗിന് ഒരാളെ വെച്ചു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കകം പലയിടത്തു നിന്നും ഉല്‍പ്പന്നം മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ മുഖത്തേക്കു തന്നെ വലിച്ചെറിയപ്പെട്ടു. ഇങ്ങനെ തുളയുള്ള ഉല്പ്പന്നമാണോ കൊണ്ടുവരുന്നത് എന്നായിരുന്നു ചോദ്യം. പ്രൊഡക്റ്റിന് ഇത്തരമൊരു ന്യൂനതയുണ്ടെന്ന് തിരിച്ചറിയുന്നത് ഇങ്ങനെയാണ്. വിതരണം ചെയ്ത പ്രൊഡക്റ്റെല്ലാം ബിനു കമ്പനിയിലേക്ക് തിരികെ കൊണ്ടുവന്നു. എങ്ങനെ ഉല്‍പ്പന്നം മെച്ചപ്പെടുത്താമെന്ന ചിന്തയായി. ഇത്തരമൊരു പ്രൊഡക്റ്റിന്റെ സാങ്കേതികത അറിയാവുന്ന ആരെയും പരിചയമില്ല. ഗൂഗിള്‍ പോലും ഇല്ലാത്ത കാലം! ഇത്തരമൊരു പ്രൊഡക്റ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് ഐഎസ്ഐയിലും ഇല്ല. റബ്ബര്‍ ബോര്‍ഡ് മാത്രമായിരുന്നു അവസാന ആശ്രയം.
നല്ല മെഷീനറി വെച്ച് വലിയ പ്ലാന്റില്‍ ഉണ്ടാക്കി യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ ഗുണനിലവാര പരിശോധ നടത്തി പുറത്തിറക്കേണ്ട പ്രൊഡക്റ്റാണ് വീടുകളില്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്. അടുത്ത ഒരു വര്‍ഷത്തോളം പഠനകാലം. ഓരോ യൂണിറ്റിലുമെത്തി അസംസ്കൃത വസ്തുക്കളുടെയും കോംപൗണ്ടുകളുടെയുമൊക്കെ മിക്സിംഗും മറ്റും വിലയിരുത്തി എന്തൊക്കെ പ്രശ്നങ്ങള്‍ വരുമെന്ന് നേരിട്ട് മനസിലാക്കി. ആദ്യ ഘട്ടത്തില്‍ ഉല്‍പ്പന്നത്തിന് 85% റിജക്ഷനും 15% മാത്രം സ്വീകാര്യതയുമാണ് ഉണ്ടായിരുന്നത്. നിരന്തര പ്രയത്നത്തിലൂടെ സ്വീകാര്യത 90% ലേക്ക് ഉയര്‍ത്താനായി. നിരസിക്കപ്പെടുന്നത് 10% മാത്രമായി. അങ്ങനെ ഒരു വര്‍ഷം കൊണ്ട് കുറ്റമറ്റ ആദ്യ പ്രൊഡക്റ്റ് വിപണിയിലിറങ്ങിത്തുടങ്ങി.
മാര്‍ക്കറ്റ് വളരെ ചെറുതാണെന്ന് വൈകാതെ മനസിലായി. കൂടുതല്‍ പ്രൊഡക്റ്റുകള്‍ വന്നാലേ കമ്പനിയും സംരംഭവും വളരുകയുള്ളെന്ന തിരിച്ചറിവില്‍ ബിനു അന്വേഷണം തുടങ്ങി. കൊച്ചിന് എക്സ്പോര്‍ട്ട് സോണില്‍ ഹാന്‍ഡ് ഗ്ലൗ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന നിരവധി കമ്പനികളുണ്ടെന്ന് അറിഞ്ഞു. മലേഷ്യയില്‍ നിന്നുള്ള വമ്പന്‍ ഉല്‍പ്പാദകര്‍ വിദേശ വിപണി പിടിച്ചെടുത്തതിനാല്‍ മാര്‍ക്കറ്റിംഗ് പ്രതിസന്ധിയിലായിരുന്നു ഈ കമ്പനികള്‍.
ഇവരുടെ കൈയില്‍ നിന്ന് ശേഖരിച്ച ഗ്ലൗ നല്ലതുപോലെ പാക്ക് ചെയ്ത് സുരക്ഷ എന്ന ബ്രാന്‍ഡില്‍ ബിനു വിപണിയിലിറക്കി. ഡോക്ടര്‍മാരൊന്നും ഇത്തരമൊരു എക്സാമിനേഷന് ഗ്ലൗ മുന്‍പ് ഉപയോഗിച്ചിട്ടില്ല. സര്‍ജിക്കല്‍ ഗ്ലൗവാണ് ഉപയോഗത്തിലിരുന്നത്. വിവിധ സൈസില്‍ പെയര്‍ ആക്കി തന്നാല്‍ ഉപയോഗിച്ചു നോക്കാം എന്ന് ചിലയിടങ്ങളില്‍ നിന്ന് പ്രതികരണമുണ്ടായി. അപ്രകാരം ബിനു ഇറക്കിയ ഉല്‍പ്പന്നവും സുരക്ഷ എന്ന ബ്രാന്‍ഡും ക്രമേണ വിപണിയില്‍ പ്രിയങ്കരമായി.
കിടപ്പു രോഗികള്‍ക്ക് എയര്‍ ബെഡ്ഡ്
സമൂഹത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി, കിടപ്പു രോഗികള്‍ക്ക് ആശ്വാസം നല്കാന് ആരംഭിച്ച ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയെന്ന ചിന്ത എന്നും ബിനു ഫിലിപ്പോസിന്റെ ഉള്ളിലുണ്ടായിരുന്നു. കിടപ്പിലായ അങ്കിളിനെ പോലെ ദുരിതമനുഭവിക്കുന്ന ആളുകളുടെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുകയെന്ന ചിന്തയാണ് എയര്‍ ബെഡ്ഡെന്ന വായു നിറച്ച കിടക്കയിലേക്ക് എത്തിക്കുന്നത്. ദീര്‍ഘകാലം ബെഡ്ഡില്‍ ഒരേ കിടപ്പ് കിടക്കുന്നവരുടെ പുറത്ത് വ്രണമുണ്ടാകുന്നത് വലിയ പ്രശ്നമാണ്. ഇത്തരം വ്രണങ്ങള്‍ മരണത്തിലേക്ക് പോലും നയിക്കുന്നവയാണ്. ഇവര്‍ക്കായി എയര്‍ ബെഡ്ഡ് നിര്‍മിക്കാമെന്ന ആശയം മുന്നോട്ടു വെച്ചതും പിതാവാണ്. അസംസ്കൃത വസ്തുക്കളെല്ലാം സംഘടിപ്പിച്ച് ഇന്ത്യയിലെ ആദ്യ എയര്‍ ബെഡ്ഡ് അങ്ങനെ സേവന നിര്‍മിച്ചു. ഗുണനിലവാരമുള്ള എയര്‍ ബെഡ്ഡ് കിടപ്പു രോഗികള്‍ക്ക് ഏറെ ആശ്വാസമായി.
പണം പ്രശ്നം
സംരംഭം ഓടിക്കാനുള്ള പണം കണ്ടെത്താനായിരുന്നു ഒരു വനിതാ സംരംഭകയെന്ന നിലയില്‍ താന്‍ ഏറ്റവും വിഷമിച്ചതെന്ന് ബിനു ഫിലിപ്പോസ് പറയുന്നു. വികസനത്തിനും വളര്‍ച്ചക്കും കൂടുതല്‍ മൂലധനം വേണ്ടിയിരുന്നു. വലിയ ലാഭമൊന്നുമില്ലാതെ ബിസിനസ് നടത്തിക്കൊണ്ടു പോയിരുന്ന പിതാവിനെ പണത്തിന് ബുദ്ധിമുട്ടിക്കാനാവില്ല. ബിനുവിന് കീഴെയുള്ള നാലു മക്കളെ പഠിപ്പിക്കാനും വിവാഹം നടത്താനുമെല്ലാം അദ്ദേഹത്തിന് പണം കണ്ടെത്തേണ്ടതുണ്ട്. ബാങ്കുകളെ സമീപിച്ചെങ്കിലും ഈടില്ലാതെ ഒരു വായ്പയും നല്കാന് തയാറല്ലായിരുന്നു.
ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒടുവില്‍ ഈടില്ലാതെ കിട്ടിയ 25,000 രൂപയും പിതാവിന്റെ എല്‍ഐസി പോളിസി വെച്ച് കിട്ടിയ 20,000 രൂപയും ചേര്‍ത്തുവെച്ചുണ്ടാക്കിയ പ്രവര്‍ത്തന മൂലധനത്തില്‍ നിന്ന് വരുമാനം കണ്ടെത്തുകയെന്നത് മാത്രമായി പോംവഴി. കൂടുതല്‍ പ്രൊഡക്റ്റുകളിലേക്ക് ലാഭേച്ഛയോടെ നീങ്ങാനും ബിസിനസ് കൂടുതല്‍ വികസിപ്പിക്കാനും ഈ പ്രതിബന്ധങ്ങള്‍ സംരംഭകയ്ക്ക് മനക്കരുത്തേകി. കിടപ്പായവര്‍ക്ക് വീല്‍ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക് എന്നീ പ്രൊഡക്റ്റുകളെല്ലാം അങ്ങനെ വന്നു. മ്യൂക്കസ് വലിച്ചു കളയുന്ന സക്ഷന്‍ അപ്പാരറ്റസ് വന്നു. ഫണ്ടില്ലെങ്കിലും സംരംഭകയുടെ ആവേശത്തിന്റെയും ഊര്‍ജത്തിന്റെയും ചെറുപ്പത്തിന്റെയും ചിറകിലേറി സേവന മെഡിനീഡ്സും പറക്കാന്‍ തുടങ്ങി.
സൂപ്പര്‍ മോം
ഇതേകാലത്താണ് വിവാഹം കഴിയുന്നത്, 25 ആം വയസ്സില്‍. ഭര്‍ത്താവ് പീറ്റര്‍ തോമസ് യുടിഐ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റാണ്. രണ്ട് കുട്ടികള്‍. മകള്‍ ലിയ സാറ പീറ്റര്‍ ഇന്ന് പാരീസില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടി തിരികെയെത്തിയിരിക്കുന്നു. മകന് ലിയോണ്‍ പീറ്റര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്. ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് അമ്മ ഈ നിലയിലെത്തിയതെന്ന് അവര്‍ കണ്ടു മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സൂപ്പര്‍ മോമെന്നാണ് ബിനുവിനെ കുട്ടികള്‍ വിളിക്കുന്നത്. സംരംഭക, അമ്മ, കുടുംബിനി എന്നീ റോളുകളെല്ലാം വളരെ ഭംഗിയായിത്തന്നെ ബിനു നിര്‍വഹിച്ചു. എല്ലാ സാഹചര്യങ്ങളും മാനേജ് ചെയ്യാന്‍ പഠിച്ചാലേ ഒരു വനിതാ സംരംഭകയ്ക്ക് ഉയര്‍ന്നു വരാന്‍ കഴിയുകയുള്ളെന്ന് ബിനു ഫിലിപ്പോസ് ചൂണ്ടിക്കാട്ടുന്നു. എല്ലാ വനിതകളിലും സംരംഭകരുണ്ടെന്നും അത് പുറത്തെടുത്ത് തേച്ചു മിനുക്കേണ്ട കാര്യമേയുള്ളെന്നും മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവം മുന്‍നിര്‍ത്തി ബിനു പറയുന്നു.
കൈയൂക്കുള്ള കാര്യക്കാര്‍
സാമ്പത്തികം പ്രശ്നമായിരുന്നെങ്കിലും സ്വന്തമായി ഒരു ഭൂമിയും കെട്ടിടവും സംരംഭത്തിന് വേണമെന്ന സ്വപ്നം ബിനുവിന്റെ മനസില്‍ എന്നുമുണ്ടായിരുന്നു. 2006 ല്‍ കിഴക്കമ്പലത്ത് വാങ്ങിയ 40 സെന്റ് സ്ഥലത്ത് 4000 സ്ക്വയര്‍ ഫീറ്റില്‍ സേവനയുടെ കെട്ടിടം ഉയര്‍ന്നു. വലിയൊരു സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇനിയെല്ലാം അനുകൂലമാവുമെന്ന് സംരംഭക പ്രതീക്ഷിച്ചെങ്കിലും നേര് വിപരീതമായാണ് കാര്യങ്ങള്‍ നടന്നത്. എവിടെ നിന്നെന്നറിയാതെ പൊടുന്നനെ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഫാക്ടറിയുടെ സമീപത്തു നിന്ന് ജോലിക്കെടുത്ത ഏതാനും വ്യക്തികളെ ഉപയോഗിച്ച് പ്രാദേശിക രാഷ്ട്രീയക്കാര്‍ രഹസ്യമായി അട്ടിമറികള്‍ ആരംഭിച്ചു.
തൊഴിലാളി യൂണിയന് രൂപീകരിക്കാനുള്ള ശ്രമം നടന്നു. നന്നായി ജോലി ചെയ്തിരുന്നവര്‍ നാലിലൊന്ന് മാത്രം ജോലിയെടുക്കാന്‍ തുടങ്ങി. എന്താണ് കാര്യമെന്നു ചോദിച്ചാല്‍ ആരും മിണ്ടില്ല. സംരംഭത്തിന്റെ തലപ്പത്ത് നിയോഗിക്കപ്പെട്ടവരൊക്കെ പുകച്ച് പുറത്തു ചാടിക്കപ്പെട്ടു. ഒരു തരത്തിലും ജോലികള്‍ നടക്കാത്ത സാഹചര്യം. എന്താണ് സംഭവിക്കുന്നതെന്ന് സംരംഭകയ്ക്ക് പിടി കിട്ടിയതേയില്ല. ഇതിനിടെ 2008 ല്‍ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ ഗ്രസിച്ചു. ഇക്കാലത്താണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റം ശക്തമായത്. കൂനിന്മേല് കുരു പോലെ കൂലി വര്‍ദ്ധനയും ഒപ്പം വന്നതോടെ ഇറക്കുമതിയിലേക്ക് ബിനു ഫിലിപ്പോസ് ചുവട് മാറ്റിച്ചവിട്ടി.
നഷ്ടമായ ഏഴുവര്‍ഷം!
കിഴക്കമ്പലത്തിന്റെ പൊതു വ്യവസായ ചരിത്രവും ഇതേ തരത്തില്‍ പിന്നോട്ടടിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ട്വന്റി-20 എന്ന കൂട്ടായ്മ രൂപപ്പെടുന്നതിലേക്ക് നയിച്ചത് ഇതെല്ലാമാണ്. സംഘടിത ശക്തികള്‍ കൈയൂക്ക് കാട്ടിത്തുടങ്ങി. 2014 ല്‍ സേവനയിലേക്ക് വന്ന ഒരു കണ്ടെയ്നര്‍ തടഞ്ഞു. ഫാക്ടറിക്ക് മുന്പിലെ റോഡിലൂടെ കണ്ടെയ്നര്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന നിയമം പുതിയതായി എഴുതിച്ചേര്‍ത്തായിരുന്നു പ്രശ്നമുണ്ടാക്കിയത്. അതിനടുത്ത് കുറച്ച് സ്ഥലം വാങ്ങി കമ്പനിയിലേക്ക് പുതിയ റോഡ് പണിയേണ്ടി വന്നു.
രാഷ്ട്രീയപരമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴു വര്‍ഷം തന്നെ മുന്നോട്ടു പോകാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയിരുന്നതെന്ന് ബിനു മനസിലാക്കിയത് അപ്പോഴാണ്. ഇക്കാലത്ത് കമ്പനിയിലേക്ക് ഓട്ടം വിളിച്ചാല്‍ ഓട്ടോ റിക്ഷക്കാര്‍ പോലും വരില്ലെന്നായി. ചരക്ക് നീക്കാന്‍ പല മടങ്ങ് കൂലി ചോദിച്ചു തുടങ്ങി. ”നമ്മുടെ കമ്പനിയില്‍ നിന്ന് ലോഡെഡുക്കാന് വണ്ടിക്കാര് വരില്ല. സാധാരണ നിരക്ക് 200 രൂപയാണെങ്കില്‍ അവര്‍ വന്ന് 500 രൂപ ചോദിക്കും.
നിരക്ക് കുറക്കാന്‍ പറഞ്ഞാല്‍ ചീത്ത വിളിക്കും. പിന്നീട് വരില്ല. ആരെയും വിടുകയുമില്ല,”ഒരു വനിതാ സംരംഭകയ്ക്കാണ് ഈ ബുദ്ധിമുട്ടുകളെല്ലാം നേരിടേണ്ടി വന്നത്!”യൂണിറ്റിന്റെ പ്രവര്‍ത്തനം തടഞ്ഞ് പൂട്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തി. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത തീരെ താഴ്ന്നതോടെ ഞായറാഴ്ചയും മറ്റും ഞാന്‍ തന്നെ പോയിരുന്ന് ഗ്ലൗവും മറ്റും പാക്ക് ചെയ്തിട്ടുണ്ട്.
ഓര്‍ഡറും മാര്‍ക്കറ്റും ഉണ്ടെങ്കിലും ഉല്‍പ്പാദനവും പാക്കിംഗും പ്രതിസന്ധിയിലായതോടെ സംരംഭം പൂട്ടുന്നതിനെക്കുറിച്ചും ആലോചിച്ചു”ഏത് സംരംഭകരും, എത്ര സാമ്പത്തിക ശേഷിയുള്ളയാളായാലും മനംമടുത്ത് ഇട്ടിട്ട് പോയേക്കാവുന്ന സാഹചര്യം! എന്നാല്‍ ഒട്ടും തളരാതെ ബിനു ഫിലിപ്പോസ് പിടിച്ചുനിന്നു, പൊരുതിനിന്നു. ‘തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിന് മീതെ തോണി’ എന്ന പാഠം പഠിപ്പിച്ച പിതാവിനോട് ഈ അതിജീവനത്തിന് ബിനു കടപ്പെട്ടിരിക്കുന്നു. ”അപ്പോഴേക്കും ഒരു ജോലി കിട്ടണ്ട പ്രായമൊക്കെ കഴിഞ്ഞു.
പിന്നെയതൊരു അതിജീവനത്തിനുള്ള പോരാട്ടമായി മാറി. വേറെ വഴിയില്ലല്ലോ,”ബിനു ഫിലിപ്പോസ് വ്യക്തമാക്കി.ഏഴു വര്‍ഷമായി അലട്ടുന്ന പ്രശ്നത്തിന്റെ മൂലകാരണം മനസിലായതോടെ അതിന് പരിഹാരം കാണാനുള്ള ശ്രമമായി. കുഴപ്പക്കാരായ ആളുകളെ നിരീക്ഷിച്ച് കണ്ടെത്തി പുറത്താക്കി. പുതിയതായി ആളുകളെ ജോലിക്കെടുക്കുമ്പോള്‍ ജാഗ്രത കാട്ടിത്തുടങ്ങി. മാസ്ക്കടക്കം എല്ലാ പ്രൊഡക്റ്റും ഉല്‍പ്പാദിപ്പിച്ചിരുന്നത് നിര്‍ത്തി ചിലയിനങ്ങളില്‍ ഇറക്കുമതിയിലേക്ക് കടന്നു. തമിഴ്നാട്ടിലും ഒരു ഉല്‍പ്പാദന യൂണിറ്റ് തുടങ്ങി. അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയൊരു കുതിപ്പാരംഭിച്ചു സേവന മെഡിനീഡ്സ്.
വളര്‍ച്ചയുടെ പാതയിലേക്ക്
ഇന്ന് മുപ്പതോളം ഉല്‍പ്പന്നങ്ങളാണ് വിവിധ ബ്രാന്‍ഡുകളില്‍ സേവന വിപണിയിലേക്കെത്തിക്കുന്നത്. ഗുണനിലവാരത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയില്ല. അന്‍പതോളം ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്ന് ഇന്ത്യയുടെ മധ്യഭാഗം വരെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കഴിഞ്ഞു. 95,000 രൂപയുടെ മുടക്കില്‍ ആരംഭിച്ച കമ്പനി ഇന്ന് കോടികളുടെ ടേണോവറിലേക്ക് വളര്‍ന്നു. കോണ്ടം കത്തീറ്റര്‍, കാപ്പ്, മാസ്ക് ഏപ്രണ്‍ തുടങ്ങി കുറച്ച് ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു. ഗ്ലൗവില്‍ ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡാണ് ഇന്ന് സേവനയുടെ ‘സുരക്ഷ’.
സംരംഭത്തിന്റെ വികസനത്തിനും പുതിയ പ്രൊഡക്റ്റുകള്‍ കണ്ടെത്താനുമായി യൂറോപ്പ്, മലേഷ്യ, ചൈന എന്നിവിടങ്ങളിലേക്കെല്ലാം തനിച്ചാണ് യാത്ര. എക്സിബിഷനുകളാണ് കൂടുതലും സന്ദര്‍ശിക്കുക. ഏറ്റവും പുതിയ, ഗുണമേന്‍മുള്ള പ്രൊഡക്റ്റുകള്‍ ഇങ്ങനെ കണ്ടെത്തും.”ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലൗവിനും മാസ്കിനും വലിയൊരു മാര്‍ക്കറ്റുണ്ട്. മല്‍സരവും ശക്തമാണ്. എന്റെ ഒരു സ്വപ്നമാണ് ഗുണനിലവാരമുള്ള ഗ്ലൗവിന്റെ മാനുഫാക്ച്ചറിംഗ് ഇവിടെ തുടങ്ങുകയെന്നത്. ഏറ്റവും പുതിയ ടെക്നോളജി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് വേണം. 60-80 കോടി രൂപ മെഷീനറിക്ക് തന്നെ വേണ്ടിവരും,” ബിനുവിന്റെ വലിയ സ്വപ്നം.
വ്യാപിക്കണം ഇന്ത്യയാകെ
വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തി കരുത്ത് സമാഹരിക്കുകയാണ് ഇന്ന് സംരംഭക. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെങ്ങും പ്രൊഡക്റ്റുകള്‍ എത്തിക്കുകയെന്ന ലക്ഷ്യം മനസിലുണ്ട്. സ്വന്തം ഉല്‍പ്പാദന ശാലകള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ പ്രൊഡക്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് സംരംഭക ലക്ഷ്യമിടുന്നത്. ഇന്ന് രഹസ്യമായി ടോര്‍പിഡോ ചെയ്യുന്ന രാഷ്ട്രീയ-തൊഴിലാളി നേതാക്കള്‍ എതിരെയില്ല. ഫണ്ടിന്റെ അപര്യാപ്തതയില്ല. പ്രതിബന്ധങ്ങളെ ചെറുത്ത് തോല്‍പ്പിച്ചതിന്റെ അനുഭവ പരിചയം സ്വന്തമായുണ്ട്. കേരളത്തിന്റെ മെഡിക്കല്‍ ഉപകരണ മാനുഫാക്ച്ചറിംഗിനെ പുതിയ തലത്തിലേക്ക് വളര്‍ത്താല്‍ ഈ കരുത്തുറ്റ വനിതാ സംരംഭകയ്ക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം.
കെ എസ് ശ്രീകാന്ത്
ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: