കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിനായി കടകള്‍ അടച്ചിടുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത വ്യാപാരികളും പോലീസും മിഠായിത്തെരുവില്‍ (എസ്എംസ്ട്രീറ്റ്) ഏറ്റുമുട്ടി. കടകള്‍ നിയന്ത്രണം ലംഘിച്ച് തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കിഡ്സണ്‍ കോര്‍ണറിലെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റുചെയ്തു. മിഠായിത്തെരുവിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവുമുണ്ട്.
ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. വ്യാപാരികളും പോലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി, കൈയേറ്റത്തില്‍വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം വ്യാപാരികള്‍ പോലീസിനു നേരെ മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായേക്കുമെന്നും വ്യാപാരികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് അറിയിച്ചു. അതിന് തയാറാകാതെ മുദ്രാവാക്യം വിളിക്കുകയായിരുന്ന വ്യാപാരികള്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ധര്‍ണ നടത്തിയിരുന്നു. ഇവരെ പിന്തുണച്ച് മുദ്രാവാക്യം വിളികളുമായി ഒരു വിഭാഗം വ്യാപാരികളുമെത്തി. ഏറെനേരം കഴിഞ്ഞും പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി നിന്ന 15 ഓളം വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധവുമായി എത്തുന്ന വ്യാപാരികളെ നേരിടാന്‍ മിഠായിത്തെരുവില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മിഠായിത്തെരുവിലേക്കുള്ള എല്ലാ വഴികളും രാവിലേതന്നെ പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു. തെരുവിനുള്ളിലെ ബേക്കറികള്‍ക്കും ഹോട്ടലിനും മാത്രമായിരുന്നു തുറക്കാന്‍ അനുമതി.
നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കുമെന്നും കടകള്‍ക്കുമുന്നില്‍ പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. എങ്കില്ല് വ്യാപാരികളുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കടലൈസന്സ് സ്ഥിരമായി റദ്ദാക്കുമെന്നും ജില്ലാ പോലീസ് മേധാവിയും അറിയിച്ചിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതാണ്, പക്ഷേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും സി കാറ്റഗറിയില്‍ കോര്പ്പറേഷന് ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഒരു ദിവസം തുറന്നാല്‍ മതിയെന്ന നിയന്ത്രണം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: