തൊടുപുഴ: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമടക്കം ക്രമാതീതമായി കൊവിഡ് ബാധിച്ചതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തി.
ഓപ്പറേഷന് തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. ഐപിയ്ക്കൊപ്പം സ്പെഷ്യാലിറ്റി ഒപിയും നിര്‍ത്തും. രണ്ടാഴ്ചത്തേക്ക് പുതിയ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യില്ല. 24 മണിക്കൂറും ക്യാഷ്വാലിറ്റി പ്രവര്‍ത്തിക്കും. മുമ്പ് മാസത്തില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികള്‍ക്കാര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി സ്ഥിതി ഇതല്ല. ദിവസം നാല് ജീവനക്കാര്‍ക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടി രോഗം ബാധിക്കുന്ന അവസ്ഥയായതോടെ ജില്ലാ ആശുപത്രി ഒരു കൊവിഡ് ഉറവിട കേന്ദ്രമായി മാറി.
12 ദിവസത്തിനിടെ നഴ്സ്മാരും അറ്റന്‍ഡര്‍മാരുമടക്കം 14 ജീവനക്കാര്‍ക്കും വാര്‍ഡുകളില്‍ ചികിത്സയിലുള്ള പത്തിലേറെ രോഗികള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ 15 പേരോളം വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. ഇവരെ എത്രയും വേഗം ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാഴ്ചത്തേക്ക് എമര്‍ജന്‍സി ഒഴികെ ഒന്നും പ്രവര്‍ത്തിക്കുന്നതല്ല.
രോഗ വ്യാപനം കൂടിയതോടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിടത്തി ചികിത്സ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനമെടുക്കാന്‍ കാരണം. കുട്ടികളും പ്രായമായവരും ആശുപത്രിയില്‍ വരുന്നത് പരമാവധി ഒഴിവാക്കും. ഇ- സഞ്ജീവനി ഒപി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. കൊവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രകടനം നടത്തിയ ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്കൊന്നും കാര്യമായി രോഗം പിടിപ്പെട്ടിരുന്നില്ല.
നേരത്തെ തീരുമാനിച്ചത് പ്രകാരം തൊടുപുഴ ജില്ലാ ആശുപത്രി അടുത്ത ആഴ്ചയോടെ പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കുട്ടികള്‍ക്കായി പ്രത്യേക ഐസിയുവടക്കം ആരംഭിക്കും. എമ്പത്തഞ്ചിലധികം ഓക്സിജന്‍ കിടക്കകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് രോഗികള്‍ക്കായി കാഷ്വാലിറ്റി മാത്രം പ്രവര്‍ത്തിക്കും.
കാരണം അനാസ്ഥയോ?
ജില്ലാ ആശുപത്രിയില്‍ കൊവിഡ് സ്ഥിതി ഗുരുതരമാകാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കില്‍ പോലും വേണ്ടത്ര സുരക്ഷയില്ല. കൊവിഡ് രോഗികള്‍ പോലും പുറത്തുപോയ സംഭവങ്ങളുണ്ട്. രണ്ട് മാസം മുമ്പാണ് കൊവിഡ് രോഗിയായ ഒരു പ്രതി ചികിത്സയിലിരിക്കെ ആരും കാണാതെ മുങ്ങിയത്.
കിടപ്പ് രോഗികള്‍ക്കൊപ്പം കൂട്ടിരിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തവരായിരിക്കണമെന്നാണ് മാനദണ്ഡം. ഒരാള്‍ തന്നെയായിരിക്കണം രോഗി ഡിസ്ചാര്‍ജ് ആകും വരെ കൂട്ടിരിക്കേണ്ടത്. മാത്രമല്ല ഇവര്‍ രോഗിയെ അഡ്മിറ്റാക്കിയതിന് ശേഷം വാര്‍ഡില്‍ നിന്ന് പുറത്ത് പോകാനും പാടില്ല. എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കൂട്ടിരിപ്പുകാര്‍ ഭക്ഷണമടക്കം വാങ്ങാന്‍ പുറത്തുപോകുന്നത് ഇവിടെ പതിവാണ്. ചില കൂട്ടിരിപ്പുകാര്‍ ഇടയ്ക്ക് മാറുന്ന സ്ഥിതിയുമുണ്ട്.
‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും’
ഡോ. ഉമാ ദേവി
സൂപ്രണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: