തിരുവനന്തപുരം/കരമന: ഇക്കഴിഞ്ഞ ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നതിന്റെ ബസ് വാടക ഇതുവരെയായിട്ടും തീര്‍ത്ത് നല്‍കിയില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര അവണാകുഴി സ്വദേശി എന്‍. അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്സി ട്രാവല്‍സിന്റെ രണ്ടു ബസ്സുകളാണ് ആസാമിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയത്. അജിത്ത്കുമാറും മകനുമാണ് ബസുകള്‍ ഓടിച്ചിരുന്നത്. കേരളത്തില്‍ നിന്ന് നൂറുകണക്കിന് ബസുകളാണ് ആസാമിലേക്ക് പോയത്. ആലുവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്പാരോ ട്രാവല്‍സ് ഉടമ തന്‍വീര്‍ എന്നയാളാണ് ബസുകള്‍ ബുക്ക് ചെയ്തത്. ആസാമില്‍ പോയി തിരികെ വരുന്നതിന് ബസ് ഒന്നിന് 2.8 ലക്ഷം രൂപ കരാര്‍ ഉറപ്പിച്ചായിരുന്നു ഇത്.
എന്നാല്‍, ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല് വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം അജിത്ത് കുമാറിന് ആസാമില്‍ തുടരേണ്ടി വന്നു. ആസാമിലെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ രണ്ടാഴ്ച അനുഭവിച്ച ദുരിതം വിവരിക്കാനാകില്ലെന്ന് അജിത്ത് പറയുന്നു. ഒടുവില്‍ തന്‍വീറിന്റെ കാലുപിടിച്ചപ്പോള്‍ 25,000 രൂപ നല്കി. അതും വാങ്ങി ബസുകളുമായി കേരളത്തിലേക്ക് തിരിച്ചു. വഴിയില്‍ വച്ച് പണം തീര്‍ന്നപ്പോള്‍ വീണ്ടും തന്‍വീര്‍ 25,000 രൂപ കൂടി അക്കൗണ്ടിലിട്ടു കൊടുത്തു. പിന്നീട് പലരില്‍ നിന്നും പണം കടം വാങ്ങിയാണ് കേരളത്തിലെത്തിയതെന്ന് അജിത്ത് ജന്മഭൂമിയോട് പറഞ്ഞു.
ആസാമില്‍ നിന്ന് ഒരു ബസ് കേരളത്തിലെത്തണമെങ്കില്‍ ഡീസല്‍ ചെലവും ടോളും ഉള്‍െപ്പടെ ഒരു ലക്ഷം രൂപയ്ക്കു മുകളിലാകും. ആകെ 50,000 രൂപ മാത്രമാണ് രണ്ട് ബസിനും കൂടി തന്‍വീര്‍ നല്‍കിയതെന്നും അജിത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം പല പ്രാവശ്യം തന്‍വീറിനെ അന്വേഷിച്ച് ആലുവയിലും പെരുമ്പാവൂരിലും പോയെങ്കിലും ആസാമിലാണെന്ന മറുപടിയാണ് ലഭിച്ചത്. കരാര്‍ ഉറപ്പിച്ച തുകയുടെ ബാക്കി കിട്ടാത്തതിനാല്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നാളേറെയായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും അജിത്ത് കുറ്റപ്പെടുത്തുന്നു. തന്നെപ്പോലെ തന്നെ നിരവധി പേര്‍ക്ക് പണം നല്‍കാനുണ്ടെന്നും പണം ചോദിക്കുന്നവരെ തന്‍വീര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അജിത്ത് കുമാര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് ബസിന്റെ വാടക വാങ്ങി നല്‍കണമെന്നും അജിത്ത് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: