തൃശൂര്‍: സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘വിദ്യാതരംഗിണി’ വായ്പ പദ്ധതിയില്‍ അപേക്ഷകര്‍ കൂടിയതോടെ വെട്ടിലായിരിക്കുകയാണ് ബാങ്ക് അധികൃതര്‍. പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങാന്‍ സഹകരണ സംഘങ്ങളും ബാങ്കുകളും വായ്പ അനുവദിക്കുന്ന പദ്ധതിയിലാണ് അപേക്ഷകരുടെ തള്ളിക്കയറ്റം. ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത നിരവധി കുട്ടികള്‍ ഇപ്പോഴും പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഫോണ്‍ വാങ്ങാനുള്ള വായ്പാ പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കുന്നത്.
ഒന്നു മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ പലിശരഹിത വായ്പ ലഭിക്കും. ഒരു സംഘത്തിന് 5 ലക്ഷം രൂപ വരെ വായ്പ നല്‍കാവുന്നതാണ്. ഇതനുസരിച്ച് ഒരു സ്ഥാപനത്തില്‍ നിന്ന് 50 പേര്‍ക്ക്് മാത്രമേ വായ്പ അനുവദിക്കൂ. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം, മൊബൈല്‍ ഷോപ്പില്‍ നിന്നുള്ള ഫോണ്‍ ക്വട്ടേഷന്‍, രണ്ട് ആള്‍ജാമ്യം എന്നിവയാണ് അപേക്ഷയടൊപ്പം സമര്‍പ്പിക്കേണ്ടത്. 24 മാസത്തെ തുല്യ ഗഡുക്കളായി വായ്പ അടച്ചുതീര്‍ത്താല്‍ മതി..
‘വിദ്യാതരംഗിണി’ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിറകേ ബാങ്കുകളിലേക്ക് അപേക്ഷകളെത്തി തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും നൂറിലേറെ അപേക്ഷള് ലഭിച്ചു കഴിഞ്ഞു. അപേക്ഷകര്‍ ഏറിയതോടെ വായ്പ പാസാക്കാനാവാതെ കുഴയുകയാണ് പല സ്ഥാപനങ്ങളും. ഈമാസം 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍ പല ബാങ്കുകളും അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചില സ്ഥാപനങ്ങള്‍ വായ്പ മനപൂര്‍വ്വം അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപേക്ഷ പാസാക്കാതിരിക്കാന്‍ പല മുടന്തന്‍ ന്യായങ്ങളും ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷയുമായി ബാങ്കിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയ്ക്കും ബാങ്കില്‍ അംഗത്വം വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സ്കൂള്‍ പരിധിയിലെ സഹകരണ ബാങ്കുകളില്‍ അംഗത്വമുള്ള രക്ഷിതാക്കാള്‍ വളരെ കുറവാണ്.
ഇതിന് പുറമേ സ്കൂള്‍ അധികൃതര്‍ നല്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് വായ്പയ്ക്ക് അനുവദിക്കുക. സ്കൂളില്‍ യുപി വിഭാഗത്തില്‍ 3, ഹൈസ്കൂള്‍ വിഭാഗത്തില്‍ 5 എന്നിങ്ങനെയാണ് മൊബൈല്‍ വാങ്ങാന്‍ വായ്പ ലഭിക്കൂ. ഇതിനാല്‍ വായ്പ ലഭിക്കേണ്ട അര്ഹരയാവര് ഏറെയും തഴയപ്പെടുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനമാണ് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ വഴിമുട്ടി നില്‍ക്കുന്നത്. സര്‍ക്കാര്‍ പദ്ധതി ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടാത്ത സാഹചര്യത്തില്‍ ഫോണ്‍ വാങ്ങാന്‍ മറ്റു വഴികള്‍ തേടേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.
‘വിദ്യാതരംഗിണി’ പദ്ധതി പലിശരഹിതമായതിനാല് കുട്ടികളുടെ പഠനത്തിന്റെ മറവില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുണ്ടെന്ന് ബാങ്ക് അധികൃതരുടെ ഭാഷ്യം. ജില്ലയിലെ നിര്‍ദ്ധനരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സംഘടനകളുടെ മൊബൈല്‍ ചലഞ്ചുകള്‍ വഴിയും അദ്ധ്യാപകര്‍ മുഖേനയും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമായിട്ടുണ്ട്. പലിശരഹിത വായ്പയായതിനാല്‍ പലരും അനാവശ്യമായാണ് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷകരുടെ എണ്ണം ഇരട്ടിയിലധികമാകാന്‍ കാരണമിതാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി നിലനില്ക്കുകയും വരവില്‍ കവിഞ്ഞ ചെലവ് നേരിടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൂടുതല്‍ വായ്പ അനുവദിക്കുന്നത് സ്ഥാപനങ്ങളെ കടത്തിലേക്ക് തള്ളിവിടുമെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: