ബെംഗളൂരു: പരസ്യമായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി (കെപിസിസി) അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ജി. ദേഗൗഡയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കുന്നതിന് മാണ്ഡ്യയിലെ കെ.എം.ദോഡ്ഢിയില് പോകവേയാണ് സംഭവം നടന്നത്. ഡി.കെയുടെ തോളില്‍ കൈവെക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ പരസ്യമായാണ് അധിക്ഷേപിച്ചത്. സംഭവത്തിനെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡി. കെ. ശിവകുമാറിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്.
സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരേയും, പാര്‍ട്ടി അനുഭാവികളെയും ഡി.കെ തന്റെ കൈക്കരുത്ത് കൊണ്ട് നേരിടുന്ന മൂന്നാമത്തെ സംഭവമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് പ്രചരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇല്ലാതാക്കാന്‍ ക്യാമറാമാന്മാരോട് ശിവകുമാര്‍ ആവശ്യപെട്ടിരുന്നുവെങ്കിലും, അതിനു മുന്‍പ് തന്നെ വീഡിയോ ജനങ്ങള്‍ വ്യാപകമായി പങ്കുവെച്ചിരുന്നു.
തന്റെ അഹങ്കാരം പൊതുജനങ്ങള്‍ക്കിടയില്‍ ഒന്ന് കൂടി തെളിയിക്കുകയാണ് ശിവകുമാറെന്ന് ഇതര പാര്‍ട്ടികള്‍ പറഞ്ഞു. ഡി.കെ ശിവകുമാറിലെ അഹങ്കാര മനോഭാവവും, ഗുണ്ടയ്ക്ക് തുല്യമായ പ്രതീതിയും കോണ്‍ഗ്രസിലെ പരസ്യമായ രഹസ്യമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
അതേസമയം പ്രവര്ത്തകന് സാമൂഹിക അകലം പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഒരാളെ പരസ്യമായി ആക്രമിക്കുന്നത് മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തിയാണെന്ന് ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്തു.
സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകന്റെ അവസ്ഥ ഇതാണെങ്കില്‍, പൊതുജനങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കോട്ട്വാള് രാമചന്ദ്രയുടെ മുന്‍ ശിഷ്യന് കൂടിയായ ഡികെയ്ക്ക് മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ പാര്‍ട്ടി മൗനസമ്മതം നല്‍കിയിട്ടുണ്ടോയെന്നും രവി ട്വീറ്റില്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വീറ്റില്‍ ടാഗ് ചെയ്തു.
കനകപുര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ആയ ശിവകുമാര്‍ 2017ലും, 2018ലും സമാനമായ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 2017ല്‍ സെല്‍ഫി എടുക്കാന്‍ വന്ന കോണ്‍ഗ്രസ് അനുഭാവിയായ വിദ്യാര്‍ഥിയേയും, 2018ലെ ബെല്ലാരി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനെയും ശിവകുമാര്‍ തല്ലിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: