ഛണ്ഡിഗഡ്: ഒത്തുതീര്‍പ്പെന്ന് വിളിക്കുന്നത് അല്പം നേരത്തേയാകാമെങ്കിലും പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ബന്ധത്തില്‍ മഞ്ഞുരുകുന്നതിനുള്ള സാധ്യതകള്‍ തുറന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിന്റെ ട്വീറ്റ്. സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിയില്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവരെ നിശിതമായി വിമര്‍ശിച്ച സിദ്ദു, ഒരാഴ്ചയ്ക്കുശേഷം ഇത് കോണ്‍ഗ്രസിന്റെ എതിരാളികളിലേക്ക് മാത്രമായി ചുരുക്കി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബാദല്‍ കുടുംബം നേതൃത്വം നല്കുന്ന അകാലി ദള്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് സിദ്ദു ശനിയാഴ്ച രംഗത്തെത്തിയത്. രണ്ടു ട്വീറ്റുകളിലും അമരീന്ദര്‍ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശവുമില്ല.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമങ്ങള്‍ ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാക്കിയിട്ടുണ്ടാകാമെന്ന് അനുമനിക്കാന്‍ ഇതുതന്നെ ധാരാളമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഊര്‍ജ പ്രതിസന്ധിയില്‍ അമരീന്ദറിനെ വിമര്‍ശിച്ച് സിദ്ദു ഒരുപറ്റം ട്വീറ്റുകള്‍ നടത്തിയിരുന്നു. ‘പഞ്ചാബില്‍ പവര്കട്ടിന്റെയോ, മുഖ്യമന്ത്രിക്ക് ഓഫിസ് സമയത്തിലും സാധാരക്കാർക്ക് എസി ഉപയോഗത്തിലും നിയമന്ത്രണത്തിന്റെയോ ആവശ്യമില്ല… നമ്മള് ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചാല്‍’ എന്ന് മുന്‍ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ സിദ്ദു എട്ടുലക്ഷം രൂപ വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. തുടര്‍ന്ന് ദല്‍ഹിയിലെത്തി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതും വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നുവെന്ന സൂചനയായി. കഴിഞ്ഞയാഴ്ച പ്രിയങ്കയും രാഹുലുമായി സിദ്ദുവും രാജ്യതലസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: