തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കും. വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവ വരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോര്‍ഡ് സംവിധാനത്തിന് പുറമേയാണിത്. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, സിഡ്കോ, ഡി ഐ സി എന്നീ ഏജന്‍സികളുടെ കീഴിലുള്ള പാര്‍ക്കുകളിലെല്ലാം പുതിയ ബോര്‍ഡുകള്‍ നിലവില്‍ വരും. വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക വെബ് പോര്‍ട്ടലിന് രൂപം നല്‍കാനും തീരുമാനിച്ചു.
കെ.എസ്.ഐ.ഡി.സി യുടെ കീഴിലുള്ള ലൈഫ് സയന്‍സ് പാര്‍ക്ക് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബറോടെ തുടക്കമാവും. കണ്ണൂര്‍ വലിയ വെളിച്ചം ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്റര്‍, കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിക്ഷേപകര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഏര്‍പ്പെടുത്തും. കിന്‍ഫ്ര പെട്രോ കെമിക്കല്‍ പാര്ക്കിന് അനുബന്ധമായി ഫാര്‍മ പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇതിനായി താല്പര്യപത്രം ക്ഷണിച്ചു. സ്പൈസസ് പാര്‍ക്കില്‍ സ്പൈസസ് ബോര്‍ഡുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ലാന്റ് ബാങ്കിന്റെ ഭാഗമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കാനുള്ള നടപടിയും സ്വീകരിക്കും.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം, വ്യവസായ ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: