കൊച്ചി: എസ്ഐ ആനി ശിവക്കെതിരെ ഫെയ്സ്ബുക്കില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ അഭിഭാഷക സംഗീത ലക്ഷ്ണയ്ക്കെതിരേ കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 509, ഐടി ആക്ട് വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ആനി ശിവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യങ്ങളിലും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് എസ്ഐ ആയി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഗീതയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള് മറ്റുള്ളവരുടെ സംരക്ഷണം എങ്ങനെ ഏറ്റെടുക്കുമെന്നായിരുന്നു കുറിപ്പിലെ ആക്ഷേപം. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തി പതിവായതോടെയാണ് ആനി ശിവ പരാതി നല്‍കിയത്. സംഗീതയെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഉപജീവനത്തിനായി വര്‍ക്കലയില്‍ നാരങ്ങാ വെള്ളവും ഐസ്ക്രീം വില്‍പ്പനയും നടത്തിയ ആനി ശിവ അതേയിടത്ത് എസ്ഐ ആയി ചാര്‍ജ് എടുത്തതോടെയാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
സിനിമാതരങ്ങളടക്കമുള്ള പ്രമുഖരും ആനി ശിവയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.തന്റെ ആവശ്യപ്രകാരം ലഭിച്ച സ്ഥലംമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ആനി ശിവ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: