കിഴക്കമ്പലം: കിറ്റെക്സ് ഗാര്‍മെന്റ്സിനെതിരെ പിണറായി സര്‍ക്കാരും കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി നടത്തുന്ന വേട്ടയാടല്‍ പ്രതിരോധിക്കുമെന്ന് ജീവനക്കാര്‍. കഴിഞ്ഞ 26 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കിറ്റെക്സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി.
തുടര്‍ച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ തകര്‍ക്കാന്‍ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ജ്വാല തെളിയിച്ചത്. കിറ്റെക്സ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലില്‍ പതിനായിരത്തോളം പേര് പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങള്‍, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങള്‍ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുമായാണ് തൊഴിലാളികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂര്‍ നീണ്ടു നിന്നു.
കിറ്റെക്സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നല്‍കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) നിര്‍ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാര്‍മെന്റ്സിലെ പരിശോധനയില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, മലിനീകരണം സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് തൊഴിലാളികള്‍ താമസിക്കുന്നയിടം പരിശോധിക്കാന്‍ തൊഴില്‍, ആരോഗ്യ വകുപ്പുകളോടു കെല്‍സ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം അധികാര പരിധിയിലുള്ളതല്ലെന്നും ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പാണു പരിശോധിക്കേണ്ടതെന്നും തൊഴില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: