തൃപ്പൂണിത്തുറ: ചരിത്രതാളുകളില്‍ ഇടം നേടേണ്ട ശിലാസ്തൂപം അവഗണനയോടെ പുറമ്പോക്കില്‍. കണ്ടനാട് വട്ടുകുന്ന് റോഡില്‍ എംജിഎം സ്കൂളിനു സമീപമാണ് പണ്ടുകാലങ്ങളില്‍ അതിര്‍ത്തി തിരിക്കാനായി ഉപയോഗിച്ചിരുന്ന ശിലാസ്തൂപമായ കൊതിക്കല്ല് അലക്ഷ്യമായി കിടക്കുന്നത്. തിരുവിതാംകൂറ് നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി സൂചിപ്പിക്കുന്ന ഫലകമാണ് ഈ സര്‍വേക്കല്ല്. കല്ലിന്റെ പകുതിയോളം മണ്ണുമൂടി കഴിഞ്ഞു.
ഒരു വശത്ത് കൊച്ചി രാജ്യത്തെ സൂചിപ്പിക്കുന്നതിനായി ‘കൊ’ എന്നും മറുവശത്ത് തിരുവിതാംകൂറിനെ സൂചിപ്പിക്കുന്നതിനായി ‘തി’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് നാട്ടു രാജ്യങ്ങളുടെ അതിര്‍ത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന കല്ലുകള്‍ക്ക് മൈല്‍ക്കുറ്റിയുടെ ആകൃതിയാണ്. നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവും കല്ലിനുണ്ട്. പണ്ടുകാലത്ത് രണ്ട് നാട്ടുരാജ്യങ്ങള്‍ക്കും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപ്പാതകള് അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്നു.
പ്രദേശങ്ങളിലെ ഭൂമിയളവുകളില്‍ പ്രധാനരേഖയായി ഈ കല്ലുകള്‍ ഇപ്പോഴും കണക്കാക്കുന്നതായാണ് വിവരം. എന്നാല്‍ അത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പുരാവസ്തുക്കളെ സംരക്ഷിക്കുന്ന ഹില്‍പ്പാലസ് മ്യൂസിയം വിളിപ്പാടകലെ സ്ഥിതി ചെയ്യുമ്പോഴും കൊതി കല്ല് ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇവു സംരക്ഷിക്കപ്പെട്ടാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. ചരിത്രത്താളുകളില്‍ ഇടം നേടേണ്ട കൊതി കല്ലുകളാണ് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: