കേരളത്തിലെ ക്രമസമാധനരംഗം ഏത് നിലയില്‍ എത്തിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് തനിക്ക് വന്ന ഭീഷണി കത്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ കത്തിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം ഇതിന്റെ പിന്നാമ്പുറവും ലക്ഷ്യവും വ്യക്തമാക്കുന്നതാണ്.
ഭയപ്പെടുത്തി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്. അഡ്ജസ്റ്റ്മെന്റുകള്‍ക്ക് തയാറായിരുന്നുവെങ്കില്‍ തെളിവില്ലെന്ന പേരില്‍ ടിപി കേസ് എഴുതി തള്ളാമായിരുന്നു. അത് തന്റെ നയമല്ല, നിലപാടുകളില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകുന്ന പ്രശ്നമില്ല അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹം ഒന്നടങ്കം ഈ ഭീഷണിക്കത്തിനെതിരെ ക്രിയാത്മകമായി പ്രതികരിച്ചത് ആത്മവിശ്വാസം നല്‍കുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
? ഇത്തരമൊരു ഭീഷണി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ടിപി കേസുമായി ബന്ധപ്പെട്ടാണോ.
ഉറച്ച വിശ്വാസം അങ്ങനെയാണ്. അന്ന് അതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായതു മുതല്‍ പ്രതികാര ബുദ്ധിയോടെയുള്ള ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ സൂചനകള്‍ ഈ കത്തിലും വ്യക്തമാണ്. കൊടും ക്രിമിനലായി ചിത്രീകരിച്ചു നീ എന്നെ ജയിലില്‍ അടച്ചു. ജീവിതം നശിപ്പിച്ചു, പുറത്തിറങ്ങി ഒരാളെ തട്ടിയാലും ഇപ്പോഴത്തേതില്‍ കൂടുതല്‍ ശിക്ഷയൊന്നും ലഭിക്കാനില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഇതില്‍ നിന്ന് ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ആളാണെന്ന് വ്യക്തം. അതില്‍ അന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ടത് ടിപി കേസ് തന്നെയാണ്. ഒരു തെളിവു പോലും അവശേഷിക്കാത്ത വിധത്തിലാണ് കൊലപാതകം ആവിഷ്ക്കരിക്കപ്പെട്ടത്. പക്ഷേ, പൊലീസിന്റെ വളരെ ചടുലമായ നീക്കങ്ങളിലൂടെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തി ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണ്ണായകമായത്. 12 പേരെ കോടതി ശിക്ഷിച്ചില്ലേ. അവര്‍ കുറ്റവാളികള്‍ അല്ലെങ്കില്‍ ശിക്ഷിക്കുമായിരുന്നോ. ടിപി കേസില്‍ നീതിബോധത്തോടെ ഉത്തരവാദിത്വം നിര്‍വഹിച്ചു എന്നതിനപ്പുറം വ്യക്തിയെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രീയ പകപോക്കലിനുള്ള നീക്കങ്ങള്‍ അന്നുമുതലേ ഉണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഭരണഘടനാപരമായി ഏല്‍പ്പിക്കപ്പെട്ട കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
? ഭീഷണിക്കത്ത് സര്‍ക്കാരിന് കൈമാറിയിട്ട്, നടപടികള്‍.
യഥാര്‍ത്ഥ കത്തും, അതിന്റെ കവറും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നടപടികള്‍ സംബന്ധിച്ച് ഒരു വിവരവും അറിയിച്ചിട്ടില്ല. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ വന്ന് മൊഴി എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പൊലീസിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടാകും എന്നു കരുതുന്നു.
? ജയിലില്‍ കഴിയുന്ന ഒരു കുറ്റവാളിയില്‍ നിന്ന് ഇത്തരമൊരു ഭീഷണി ഉയരുന്നത് ആശാസ്യമാണോ.
ഒരിക്കലുമല്ല. പക്ഷേ, ജയിലില്‍ കിടക്കുന്നവരെ ഉപയോഗപ്പെടുത്തി കുറ്റകൃത്യം ചെയ്യിക്കുന്നത് ഏറ്റവും സൗകര്യപ്രദമാണ്. രേഖയില്‍ ജയിലിലാകും. ചില സിനിമകളിലൊക്കെ കാണുന്നതുപോലെ.
? ടിപി കേസിലെ പ്രതികളെല്ലാം സിപിഎമ്മുകാര്‍ ആണല്ലോ. ഇത്തരമൊരു ഭീഷണിക്കത്ത് വന്നതിന് ശേഷം സിപിഎം നേതൃത്വത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു.
പ്രതികളെല്ലാം സിപിഎമ്മുകാര്‍ ആയതുകൊണ്ടാകാം പാര്‍ട്ടി സെക്രട്ടറി വിജയരാഘവന് ഭംഗ്യന്തരേണ നടത്തിയ പ്രതികരണം പ്രതികളെ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ സംഭവത്തെ പരമാവധി ലഘൂകരിച്ചും നിസാരവല്‍ക്കരിച്ചും കാണാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന്റെ ഗുണഫലം ലഭിക്കുന്നതാര്‍ക്കാണ്, പ്രതികള്ക്കല്ലേ. അധികാരത്തിലിരിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്ന പാര്‍ട്ടിയുടെ നേതാവ് ഈ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയിലേക്ക് എങ്ങനെയെത്തി എന്നതാണ് എന്റെ ചോദ്യം.
? ഭീഷണിക്കത്ത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ കൂടി സിപിഎം കാരുടെ പ്രചാരണം നടക്കുന്നുണ്ടല്ലോ.
വ്യാജ കത്താണെന്ന് പ്രചരിപ്പിക്കുന്നത് ആരെ സഹായിക്കാനാണ്. അകത്ത് കിടക്കുന്നവര്ക്കുവേണ്ടിയാണ്. അകത്തുള്ളവരെ പുറത്തുള്ളവര്‍ക്ക് പേടിയാണ്. അതാണ് ഇത്രയും വാശിയിലൂടെ ഒരു പ്രചരണം അഴിച്ചുവിടുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം തിരിച്ചറിയാനാകും. എനിക്ക് ലഭിച്ച കത്ത് മുഖ്യമന്ത്രിയുടെ പക്കലുണ്ടല്ലോ, അവിടെ ചെന്ന് അന്വേഷിച്ചാല്‍ അറിയാനാകും. അല്ലെങ്കില്‍ സംസ്ഥാനത്തെ എഴുപത്തിനാലായിരത്തില്‍പ്പരം പോലീസുകാരെ കൊണ്ട് അന്വേഷിപ്പിക്കാമല്ലോ.
? സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള വിലയിരുത്തല്‍.
ഒന്നും പറയാനില്ല. എല്ലാം ജനങ്ങള്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയല്ലേ. നാട്ടില്‍ നടന്നുവരുന്ന നിത്യസംഭങ്ങള് ജനങ്ങളുടെ മുന്നിലുണ്ട്. സ്ത്രീപീഡനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യം, പോക്സോ കേസുകള്‍ തുടങ്ങി പെരുകുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് സുരക്ഷ നല്കപ്പെടുന്ന സംവിധാനത്തിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്.
? മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച്
ഈ സര്‍ക്കാരിനെതിരെയുള്ള ഏറ്റവും വലിയ കുറ്റപത്രമാണ് ലോക്നാഥ് ബെഹ്റയുടെ അഭിപ്രായത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അഞ്ചുവര്‍ഷം സംസ്ഥാനത്തെ പൊലീസ് തലവനായി പ്രവര്‍ത്തിച്ച അദ്ദേഹം തന്നെ പറയുന്നു ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്, നിയമസമാധാന ലംഘനം നടക്കുന്നു എന്ന്. അദ്ദേഹത്തിന് പോലും സഹിക്കാന്‍ കഴിയാത്ത വിധത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടെന്നുള്ളതിന്റെ തെളിവാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: