കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാന്‍ ടിപി കേസില്‍ ശിക്ഷിപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളായ കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും കസ്റ്റംസ് നോട്ടിസ്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയ കസ്റ്റംസ് സംഘത്തിന് പൊലീസ് യൂണിഫോമിലെ സ്റ്റാറും ലാപ്ടോപ്പും ചില രേഖകളും ലഭിച്ചു. കൊടി സുനിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഇവിടെ ആരുമുണ്ടായിരുന്നില്ല. കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിന്റെ ആസുത്രണം സുനിയും ഷാഫിയും ചേര്‍ന്നാണെന്ന അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം ശനിയാഴ്ച ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ പരിശോധന നടത്തിയത്.
കാര്‍ ഒളിപ്പിച്ചിരുന്ന അഴീക്കോട് ഉരുനിര്‍മാണ ശാലയ്ക്കു സമീപവും അര്ജുന് ആയങ്കിയുടെ വീട്ടിലും രാവിലെ അര്ജുന് ആയങ്കിയുമായി നടത്തിയ തെളിവെടുപ്പിനുശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു മാഹിയിലുള്ള ഷാഫിയുടെ വീട്ടിലെത്തി തെളിവെടുപ്പ്. ആയങ്കിക്കൊപ്പം ഒന്നര മണിക്കൂറോളം ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നാണ് ലാപ്ടോപ്, പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കുന്ന നക്ഷത്രം, ചില രേഖകള്‍ തുടങ്ങിയവ കസ്റ്റംസ് കണ്ടെടുത്തത്. തുടര്‍ന്നാണ് ടിപി കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ വീട്ടിലെത്തിയത്.
വീട്ടിലാരും ഇല്ലാതിരുന്നതിനാല്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം കുറച്ചുസമയം അവിടെ ചെലവഴിച്ചശേഷം മടങ്ങി. ഏഴാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് കോടതിവഴി നോട്ടിസ് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: