തിരുവനന്തപുരം/കാട്ടാക്കട: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ഹെര്‍പ്പിസ് വൈറസ് ഭീതിയില്‍. ഒരാഴ്ച മുമ്പ് കോട്ടൂര്‍ കാപ്പുകാട് ആന പാര്‍ക്കില്‍ ചരിഞ്ഞ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ മരണകാരണം ഹെര്‍പ്പിസ് വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആനപരിപാലന കേന്ദ്രത്തിലെ മൂന്നുവയസുള്ള കണ്ണന് എന്ന കുട്ടിയാനയ്ക്കും ഇതേ വൈറസ് സ്ഥിരീകരിച്ചു.
ശ്രീക്കുട്ടിക്കൊപ്പം നടന്നിരുന്ന ആമിന എന്ന ആനക്കുട്ടിയും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മുതല്‍ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കണ്ണന്റെ നില അതീവ ഗുരുതരമാണ്. ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോ. ഷിജുവിന്റെ നേതൃത്വത്തിലാണ് കണ്ണനെ ചികിത്സിക്കുന്നത്. ഹെര്‍പ്പിസ് വൈറസുകള്‍ വലിയ ആനകളില്‍ മരണകാരണമാകാറില്ല. എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടിയാനകള്‍ക്ക് ബാധിച്ചാല്‍ മരണം ഉറപ്പാണ്. ഈ വൈറസ് ആനക്കുട്ടികളുടെ ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ ഉണ്ടാകുന്നു. ക്രമേണ ഹൃദയപേശികളില്‍ രക്തസ്രാവം ഉണ്ടായി മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുമെന്ന് റിട്ട. ഫോറസ്റ്റ് ചീഫ് വെറ്റിനറി സര്ജന് ഡോ. ഇ.കെ ഈശ്വരന് ‘ജന്മഭൂമി’യോട് പറഞ്ഞു.
മനുഷ്യനില്‍ ചിക്കന്‍പോക്സ് പരത്തുന്ന ഹെര്‍പ്പിസ് വൈറസിന്റെ മറ്റൊരു വകഭേദമാണ് ആനകളെ ബാധിച്ചിട്ടുള്ളത്. ആനകളില്‍ നിന്ന് ഹെര്‍പ്പിസ് വൈറസുകള്‍ മനുഷ്യനിലോ, മറ്റ് മൃഗങ്ങളിലേക്കോ പകരാറില്ല. വൈറസ് ബാധിച്ച കുട്ടിയാനയ്ക്ക് അര്യരഹീ്ശൃ എന്ന മരുന്നാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് മനുഷ്യര്‍ക്ക് ചിക്കന്‍പോക്സ് ബാധിക്കുമ്പോള്‍ നല്കുന്ന മരുന്നാണ്. ഫലപ്രദമായ മറ്റു മരുന്നുകള്‍ ഈ രോഗത്തിന് കണ്ടുപിടിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹെര്‍പ്പിസ് ഭീതിയെ തുടര്‍ന്ന് ആന പുനരധിവാസ കേന്ദ്രത്തിലെ ആനകളെയെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് പാര്‍പ്പിച്ചിട്ടുണ്ട്. ഹെര്‍പ്പിസ് വൈറസ് പ്രതിരോധത്തിന് കാപ്പുകാടിലെ എല്ലാ ആനകള്‍ക്കും സൈക്ലോവിര്‍ മരുന്ന് കുത്തിവയ്ക്കുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
അടുത്തിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടികളെ കാപ്പുകാട് എത്തിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും രോഗവാഹകരായിട്ടുണ്ടാവാം എന്നാണ് നിഗമനം. മൂന്നുവയസുള്ള കണ്ണനെയും ഒന്നര വയസുകാരി ആമിനയെയും കൂടാതെ അടുത്തിടെ വയനാടു നിന്നെത്തിച്ച ഒന്നര വയസുകാരന് രാജു, റാണ (8), രാജ (6), അര്ജുന് (5), പൊടിച്ചി (5), പൂര്‍ണ്ണ (4), മനു (4), മായ (3) എന്നിവരാണ് കാപ്പുകാട് ആന പാര്‍ക്കില്‍ ഇപ്പോഴുള്ള ഇളമുറക്കാര്‍.
കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രമാണ് കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ആദ്യത്തേതും. കൊമ്പനും പിടിച്ചിയുമായി ഇവിടെ ആനകള്‍ നിരവധിയുണ്ടെങ്കിലും പത്തോളം കുട്ടിയാനകളാണ് കാപ്പുകാടിന്റെ ആനച്ചന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: