തിരുവനന്തപുരം : കുറ്റ്യാടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധങ്ങള്‍ക്ക് ഒത്താശ നല്‍കിയെന്ന് ആരോപിച്ചാണ് മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എംഎല്‍എക്ക് പങ്കാളിത്തമുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി. അതേസമയം ഈ തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്കി. പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയേറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നും ആരോപണമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് മത്സരിക്കാനായി വിട്ടു നല്‍കിയതിനെതിരായാണ് പ്രതിഷേധം ഉയര്‍ന്നത്. സീറ്റ് കേരള കോണ്‍ഗ്രസ്സില്‍ നിന്നും തിരിച്ചുപിടിച്ച് കുഞ്ഞമ്മദ് കുട്ടിക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് സീറ്റ് സിപിഎമ്മിന് തന്നെ തിരിച്ചു നല്കാന് കേരള കോണ്‍ഗ്രസ്സും തീരുമാനിക്കുകയായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേരും ഈ സീറ്റിനായി ഉയര്‍ന്നെങ്കിലും കുഞ്ഞമ്മദ് കുട്ടിയെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: