ന്യൂദല്‍ഹി: ബംഗാള്‍ ലഹളയെകുറിച്ചുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ് സഹമന്ത്രി റെഡ്ഢിക്ക് കൈമാറിയത്. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി. ആനന്ദ ബോസിന്റെ നേതൃത്വത്തിലാണ് പഠനസംഘം ബംഗാള്‍ സന്ദര്‍ശിച്ചത്. കര്‍ണാടകയുടെ മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, ഝാര്‍ഖണ്ഡിന്റെ മുന്‍ ഡിജിപി നിര്‍മല്‍ കൗര്‍ എന്നിവരായിരുന്നു ബംഗാള്‍ സന്ദര്‍ശിച്ച മറ്റു സംഘാംഗങ്ങള്‍. മുന്‍ ചീഫ് ജസ്റ്റിസ് കോഹ്ലി ആണ് സമിതിയുടെ ചെയര്മാന്. ബംഗാളിലെ കലാപങ്ങള്‍ക്കു ഇരയായവരെ നേരിട്ട് സന്ദര്‍ശിച്ച് അവരില്‍ നിന്നും തെളിവെടുത്തതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബംഗാളില്‍ അതിക്രമങ്ങള്‍ ധാരാളം ഉണ്ടായെന്നും ബലാത്സംഗം, കൊലപാതകം, കൂട്ടകവര്‍ച്ച, തീ വെപ്പ്, ബോംബേറ് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. സംഘം ബംഗാള്‍ സന്ദര്‍ശിക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ രേഖമൂലം നിരോധിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ അനുസൃതമായ സഞ്ചാര സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് സംഘം സന്ദര്‍ശനം നടത്തി. അക്രമം നടന്ന സ്ഥലങ്ങള്‍ മാത്രമല്ല അക്രമത്തിനു ഇരയായവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളും സംഘം സന്ദര്‍ശിച്ച് തെളിവെടുത്തു.
സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പ്രധാന ശുപാര്‍ശകള്‍ ഇവയാണ്-.കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള വ്യക്തമായ താക്കീത് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് പോകണം. സംസ്ഥാനം അതനുസരിച്ച് നടപടികള്‍ സ്വീകരിക്കണം. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി മേഖലയില്‍ ആണ് എന്നുള്ളത് കൊണ്ട് ഇതിന്റെ ഗൗരവം കണക്കില്‍ എടുത്ത് എന്‍ഐഎ പ്രശ്നം അന്വേഷിക്കണം. താലൂക്കു തലത്തിലും ജില്ലാ തലത്തിലും പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കേസുകളുടെ വിചാരണ ത്വരിതപെടുത്തണം. ഫെഡറല്‍ സമ്പ്രദായത്തിന്റെ പാളിച്ചകള്‍ കേന്ദ്ര സംസ്ഥാനങ്ങളിലെ വിള്ളലുകള്‍ മനസ്സിലാകുന്ന പുന ക്രമീകരണങ്ങള്‍ നടത്താന്‍ മുന്‍പോട്ടു വരണം. ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമപരവും നയപരവും ആയ നടപടികള്‍ സ്വീകരിക്കണം. സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: