തൊടുപുഴ: ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയന്ത്രണം. നിരക്ക് കണക്ക് കൂട്ടുന്നത് വീണ്ടും കുറച്ചതാണ് ഇതിന് കാരണം. ഇതോടെ ഗുരുതര സാഹചര്യമുള്ള കാറ്റഗറി ഡി വിഭാഗത്തിലേക്ക് ഇത്തരത്തിലുള്ള നിയന്ത്രണം ആരംഭിച്ച് മൂന്നാം വാരത്തിലേക്ക് എത്തുമ്പോള്‍ രണ്ട് പഞ്ചായത്തുകളെത്തി. ഇതിനൊപ്പം എ കാറ്റഗറി വിട്ട് ബി, സി കാറ്റഗറികളിലേക്ക് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെത്തി.
ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ ഇനിയുള്ള ഏഴ് ദിവസം 18 തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ഇളവുകളും 27 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാഗിക ഇളവുകളും ലഭിക്കും. ഏഴ് പഞ്ചായത്തുകളില്‍ ഭാഗീക നിയന്ത്രണവും രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണവും ഇന്ന് മുതലുണ്ട്. വണ്ണപ്പുറം, മാങ്കുളം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണായിരിക്കും.
എ വിഭാഗത്തില്‍ ആറ് ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ആണ് വരിക. കഴിഞ്ഞ തവണ ഇത് 8% ആയിരുന്നു. ഇവിടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ക്ക് തുറക്കാം. ബി വിഭാഗത്തില്‍ 6 മുതല്‍ 12 വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളാണ് വരിക. കഴിഞ്ഞ തവണ ഇത് 8- 16% വരെ ആയിരുന്നു. ഇവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങളില്‍ പരമാവധി 15 പേര്‍ക്ക് പ്രവേശനം.
സി വിഭാഗത്തില്‍ 12 മുതല്‍ 18 വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടും. നേരത്തെ ഇത് 18-24% വരെ ആയിരുന്നു. ഇവിടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, ജ്വലറി പോലുള്ളവക്ക് വിവാഹ ആവശ്യത്തിന് മാത്രവും ബുക്ക് സ്റ്റാള്‍, റിപ്പയറിങ് സര്‍വ്വീസുകള്‍ എന്നിവക്ക് വെള്ളിയാഴ്ച ദിവസം തുറക്കാം. ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ പാടില്ല.
ടിപിആര്‍ 18ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഡി വിഭാഗത്തില്‍പ്പെടും. നേരത്തെ ഇത് 24ന് മുകളിലായിരുന്നു. ഇവിടെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകും. അടുത്ത ബുധന്‍ വരെ ഈ രീതി തുടരും.
വിഭാഗം എ (ടിപിആര്‍ ആറില്‍ താഴെ)
പെരുമ്പന്താനം, കാന്തല്ലൂര്‍, മരിയാപുരം, വാത്തിക്കുടി, പുറപ്പുഴ, രാജകുമാരി, കൊക്കയാര്‍, കരിങ്കുന്നം, പള്ളിവാസല്‍, വട്ടവട, കാമാക്ഷി, കരുണാപുരം, ഉപ്പുതറ, ഇരട്ടയാര്‍, ഏലപ്പാറ, രാജാക്കാട്, ഇടമലക്കുടി
വിഭാഗം ബി (ടിപിആര്‍ 6-12%)
തൊടുപുഴ, കട്ടപ്പന, കുമളി, നെടുങ്കണ്ടം, അയ്യപ്പന്‍കോവില്‍, ആലക്കോട്, വെള്ളിയാമറ്റം, വണ്ടിപ്പെരിയാര്‍, സേനാപതി, കുടയത്തൂര്‍, മണക്കാട്, കാഞ്ചിയാര്‍, അറക്കുളം, ഉടുമ്പന്‍ചോല, പാമ്പാടുംപാറ, കൊന്നത്തടി, കുമാരമംഗലം, ഉടുമ്പന്നൂര്‍, വെള്ളത്തൂവല്‍, കഞ്ഞിക്കുഴി, ചിന്നക്കനാല്‍, ബൈസണ്‍വാലി, മറയൂര്‍, വാഴത്തോപ്പ്, കരിമണ്ണൂര്‍, പീരുമേട്, ദേവികുളം.
വിഭാഗം സി (ടിപിആര്‍ 12-18%)
ചക്കുപ്പള്ളം, മുട്ടം, കോടിക്കുളം, മൂന്നാര്‍, ഇടവെട്ടി, അടിമാലി, വണ്ടന്മേട്
വിഭാഗം ഡി (ടിപിആര്‍ 18% കൂടുതല്‍)
മാങ്കുളം, വണ്ണപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: