ചെന്നൈ: എ ഐഎഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ സി.വി. ഷണ്മുഖത്തിന് നേരെ വധഭീഷണിയുയര്‍ത്തിയതിന് അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. ശശികലയുടെ 500 അനുയായികള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതോടെ ശശികലയും എ ഐഎഡിഎംകെയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു. ശശികലയില്‍ നിന്നും വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും ഉണ്ടായി എന്ന് കാണിച്ച് മുന്‍ നിയമ, കോടതി, ജയില്‍ മന്ത്രിയായിരുന്ന ഷണ്മുഖം റോഷനായ് പൊലീസില്‍ ജൂണ്‍ ഏഴിന് പരാതിനല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഭീഷണിപ്പെടുത്തല്‍ (506(1) വകുപ്പ്), അഞ്ജാത ഫോണ്‍വിളിയിലൂടെ വധഭീഷണിയുയര്‍ത്തല്‍ (507), പ്രേരണാകുറ്റം (109) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തു. ഇതിന് പറമെ ഐടി നിയമത്തിലെ 67ാം വകുപ്പു പ്രകാരവും കേസുണ്ട്.
ശശികല ഏതാനും എ ഐഎഡിഎംകെ നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താമെന്ന വാഗ്ദാനത്തോടെയായിരുന്നു ശശികലയുടെ ഈ സംഭാഷണങ്ങള്‍. എന്നാല്‍ ശശികലയുമായി യാതൊരു വിധ ബന്ധവും പുലര്‍ത്തരുതെന്ന് എ ഐഎഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകരെ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ 20 എ ഐഎഡിഎംകെ പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു.
ജനവരി 27ന് ജയില്‍ മോചിതയായശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശശികല. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നതോടെ വീണ്ടും എ ഐഎഡിഎംകെയുടെ നേതൃസ്ഥാനത്ത് എത്താന്‍ ശശികല ചരടുവലികള്‍ തുടങ്ങിയിരിക്കുകയാണ്. അതിനിടെയാണ് ഈ വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: