കൊല്‍ക്കത്ത: നാരദ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിബിഐ ഓഫിസിന് പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും വിശദീകരണം ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്കാന് കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതി. കൃത്യസമയത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതിന് മമതയ്ക്കും സര്‍ക്കാരിനും കോടതി 5,000 രൂപ പിഴയും ചുമത്തി. നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെയും മറ്റ് നേതാക്കളുടെയും സത്യവാങ്മൂലം സ്വീകരിക്കാന്‍ വിസമ്മതിച്ചുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
സത്യവാങ്മൂലം സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പുതിയ അപേക്ഷകള്‍ നല്കാന് മുഖ്യമന്ത്രിയോടും നിയമമന്ത്രി മൊളോയി ഘടകിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജൂണ്‍ ഒന്‍പതിനായിരുന്നു ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് തയ്യാറാകാതിരുന്നത്. സമയത്ത് സത്യവാങ്മൂലം നല്‍കാതെ തൃണമൂല്‍ നേതാക്കള്‍ സാഹസത്തിന് മുതിര്‍ന്നുവെന്നും അവര്‍ക്കിഷ്ടമുള്ളപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കാനാകില്ലെന്നുമായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
തുടര്‍ന്ന് ജൂണ്‍ 21ന് മമത ബാനര്‍ജി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നശേഷം തിങ്കളാഴ്ച മുഖ്യമന്ത്രിയും മന്ത്രിയും പുതിയ അപേക്ഷകള്‍ ഹൈക്കോടതിയില്‍ നല്കി. നാരദ കേസുമായി ബന്ധപ്പെട്ട് മെയ് 17ന് സംസ്ഥാന മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, തൃണമൂല്‍ വിട്ട സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് സര്‍ക്കാരിന്റെ വിശദീകരണം ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കേണ്ടത്.
ആറു മണിക്കൂറോളം മമത ബാനര്‍ജി ഓഫിസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിയുകയും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: