കൊല്ലം: കൊവിഡ് പ്രതിസന്ധി വിട്ടൊഴിയാതെ നില്ക്കവേ ബാധ്യതയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍. ലോണ്‍ തിരിച്ചടവ് നിലച്ചതിനാല്‍ ഉപഭോക്താക്കളുടെ കുടിശിക നാള്‍ക്കുനാള്‍ കുമിഞ്ഞു കൂടുന്നതാണ് പ്രധാന തിരിച്ചടി.
നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. വരവില്ലാതെ ചെലവ് മാത്രമായി മാറുമ്പോള്‍ കോടികളുടെ ബാധ്യതയാണ് വര്‍ധിക്കുന്നത്. മോറട്ടോറിയം എന്ന താത്കാലികാശ്വാസത്തിന്റെ പേരില്‍ പണം അടയ്ക്കാന്‍ മാര്‍ഗമുള്ളവര്‍ പോലും ലോണ്‍ അടവില്‍ നിന്ന് പിന്നോട്ടുവലിയുകയാണെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഒറ്റത്തവവണ തീര്‍പ്പാക്കലിന്റെ ഗുണം ലഭിക്കാനായി മനപൂര്‍വം കുടിശിക അടയ്ക്കാതെ നീട്ടി കൊണ്ടുപോകുന്നവരുണ്ടെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
നിക്ഷേപത്തിന്റെ 25 ശതമാനം വരെ കുടിശിക അനുവദനീയമാണെങ്കിലും അതിനപ്പുറമായാല്‍ ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ തരം താഴ്ത്തപ്പെടും. ഇത് ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും പ്രതിഫലിക്കും. പലിശ ഇളവടക്കമുള്ള പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ബാങ്കുകളുടെ നിലനില്‍പ്പിന് വേണ്ടി 25 ശതമാനം സര്‍ക്കാര്‍ സഹായമെങ്കിലും ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന ഓണ്‍ലൈന്‍ പഠനത്തിനുള്ള സഹായം, ഫലവൃക്ഷ വിതരണം അടക്കം സര്‍ക്കാര്‍ ചുമതലകളും സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സേവനമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാദ്ധ്യതയാണ്. എന്നാല്‍ ജനകീയ ഇടപെടലിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനുമാവില്ല എന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: