അമ്പലപ്പുഴ : എഴുപത് വര്‍ഷം പഴക്കമുള്ള തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തകര്‍ത്തത് നിര്‍മ്മാണത്തിലെ വൈകല്യവും അഴിമതിയുമാണന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആരോപിച്ചു. കുട്ടനാടിനെ സംരക്ഷിക്കാനും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുമാണ് 1950ല്‍ തോട്ടപ്പള്ളി സ്പില്‍വേ നിര്‍മ്മിച്ചത്. അറ്റകുറ്റപണികള്‍ക്ക് ഏതാനും വര്‍ഷം മുന്‍പ് എട്ടു കോടി രൂപ ചെലവഴിച്ചു. പക്ഷേ കടലില്‍ നിന്ന് വെള്ളം വരുന്നത് തടയാനോ വെള്ളപ്പൊക്കക്കാലത്ത് കുട്ടനാട്ടിലെ വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിടാനോ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കഴിയുന്നില്ല.
തീരദേശത്തെ കരിമണല്‍ നീക്കം ചെയ്യുന്നത് പോലെ സര്‍ക്കാരിന് ലീഡിംഗ് കനാല്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ താല്പര്യമില്ല. ആലപ്പുഴ തീരത്തുള്ള 15 പൊഴികള്‍ തുറന്ന് ജല നിര്‍ഗമനം ഉറപ്പുവരുത്തിയാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കാനാവും. തണ്ണീര്‍മുക്കം ബണ്ട് 150 ദിവസം അടച്ചിട്ടു. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തന രഹിതമായി. അന്തര്‍ ദേശീയ കാര്‍ഷിക പൈതൃക കേന്ദ്രമെന്ന നിലയിലും, റാംസാര്‍ തണ്ണീര്‍ത്തടമെന്ന അംഗീകാരവും ഉള്ള കുട്ടനാടിനെ രക്ഷിക്കാന്‍ അടിയന്തരവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ,ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനീദേവ്, ജില്ലാ ട്രഷറര്‍ കെ. ജി. കര്‍ത്ത, ചമ്പക്കുളം ബ്ലോക്ക് മെമ്പര്‍ അജിത്ത് പിഷാരത്ത്, തോട്ടപ്പള്ളി ഏരിയാ പ്രസിഡന്റ് പി .ആരോമല്‍, കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാര്‍ തുടങ്ങിയവര്‍ കുമ്മനത്തോടെപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: