ബെംഗളൂരു: ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് സംഘത്തിലെ 17 പേര് ബെംഗളൂരു സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്ഒജി) പിടിയില്‍. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിലെ ബാനസവാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നും എട്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് പേരെയും പിടികൂടിയിട്ടുണ്ട്. അനിലിന്റെ ഭാര്യ പൂജയും (പിങ്കി) ബംഗ്ലാദേശ് സ്വദേശിനിയാണ്.
ബംഗ്ലാദേശികള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തത്. ഇവരില്‍ നിന്നുമാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന മനുഷ്യക്കടത്ത്, സെക്സ് റാക്കറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ റാക്കറ്റിനു പിന്നിലെ മുഖ്യസൂത്രധാരന്മാരായ കേശവ്, വിശ്വനാഥ്, മഞ്ജുനാഥ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അനിലിന്റെ ഭാര്യ പൂജ ഈ വര്‍ഷം ഏപ്രിലില്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. ഇവരും റാക്കറ്റിന്റെ ഭാഗമായിരിക്കാമെന്ന് അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചു. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് പെണ്‍കുട്ടികള്‍ രാജ്യത്ത് താമസിച്ചിരുന്നത്.
അന്വേഷണം തുടരവെയാണ് വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന സൗമ്യ പിജിയില്‍ നിന്ന് ഏഴ് ബംഗ്ലാദേശി യുവതികളെ എച്ച്എസ്ആര്‍ ലേഔട്ട് പോലീസ് ഉദ്യോഗസ്ഥരുടെയും, എസ്ഒജിയുടെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ ഏഴു യുവതികളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചതില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് നമ്പറുകളാണ്. കൊല്‍ക്കത്ത സ്വദേശിനി കളാണെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇവരുടെ സിം കാര്‍ഡുകള്‍ ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.
ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതില്‍ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: