തൃശൂര്‍: സര്‍വീസില്‍ നിന്ന് വിരമിച്ച ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളെ വിരമിച്ചതിനു തൊട്ടുപിന്നാലെ പിന്‍വാതിലിലൂടെ നിയമിച്ചത് വിവാദത്തില്‍. ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നത്.
എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് അധികൃതരുടെ ഒത്താശയോടെയുള്ള നിയമനം. സര്‍വീസില്‍ നിന്ന് വിരമിച്ച എല്‍ഡിഎഫ് സംഘടനാ നേതാക്കളായിരുന്നവരെയാണ് എച്ച്ഡിഎസ് -ആര്‍എസ്ബിവൈ മുഖേന ആശുപത്രി അധികൃതര്‍ നിയമിക്കുന്നത്. മെയ് 31ന് വിരമിച്ച നേഴ്സിങ് അസിസ്റ്റന്റിനെ വീണ്ടും നിയമിച്ചു കഴിഞ്ഞു. പത്തോളജി വിഭാഗത്തിന് കീഴിലെ സെന്‍ട്രല്‍ ലാബില്‍ സീനിയര്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്തിരുന്നയാളെ വീണ്ടും ഇതേ തസ്തികയില്‍ നിയമിക്കാനാണ് ഇപ്പോള്‍ നീക്കം. മാര്‍ച്ച് 31ന് വിരമിച്ച ഇയാള്‍ എന്‍ജിഒ യൂണിയന് മെഡിക്കല്‍ കോളേജ് ഏരിയ ഭാരവാഹിയും നേഴ്സിങ് അസിസ്റ്റന്റായിരുന്നയാള്‍ എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.
ലാബ് ടെക്നീഷ്യന് തസ്തികയിലെ നിയമനത്തിന് എച്ച്ഡിസി ജീവനക്കാരുടെ സിഐടിയു സംഘടനക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിനാല്‍ ആര്‍എസ്ബിവൈ വഴി നിയമനം നടത്താനാണത്രെ നീക്കം. നിയമനത്തിനായി ഇയാള്‍ ആശുപത്രി അധികൃതര്‍ക്ക് രേഖാമൂലം അപേക്ഷ പോലും നല്‍കിയിട്ടില്ല. അപേക്ഷ പോലും സ്വീകരിക്കാതെ വിരമിച്ച ഇയാളെ അതേ തസ്തികയില്‍ വീണ്ടും നിയമിക്കുന്നതില്‍ ടെക്നിക്കല്‍ കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ലേ സെക്രട്ടറി, നഴ്സിങ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ എന്നിവര്‍ അടങ്ങിയതാണ് ടെക്നിക്കല്‍ കമ്മിറ്റി.
തര്‍ക്കത്തെ തുടര്‍ന്ന് ഈ തസ്തികയിലേക്കുള്ള നിയമനം പ്രിന്‍സിപ്പലിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് വാര്‍ഡ് അംഗം കളക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. മെയ് മെയ് 31ന് വിരമിച്ച നഴ്സിങ് അസിസ്റ്റന്റ് പിറ്റേന്ന് ജൂണ്‍ ഒന്നിന് തന്നെ വീണ്ടും ഇതേ തസ്തികയില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് അപേക്ഷ നല്കി. വിരമിച്ച ഇടതുപക്ഷ സംഘടനാ നേതാക്കളായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജോലി നല്‍കുന്നത് വിവാദത്തിനിടയാക്കുമെന്നതിനാല്‍ എച്ച്ഡിഎസ് -ആര്‍എസ്ബിഐ വഴി നിയമനം നടത്തിയില്ല. പകരം ഇയാളെ ജൂണ്‍ അഞ്ചിന് എന്‍എച്ച്എം മുഖേനയാണ് ജോലിയില്‍ കയറ്റിയത്. നേഴ്സിങ് അസിസ്റ്റന്റ് തസ്തികയ്ക്ക് പകരം ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ് -2 തസ്തികയിലാണ് ഇയാള്‍ക്ക് നിയമനം നല്‍കിയിട്ടുള്ളത്.
എല്ലാ തസ്തികകളിലും നിയമനങ്ങള്‍ നടത്താന്‍ ആദ്യം പത്രങ്ങളില്‍ പരസ്യം നല്കി അപേക്ഷ സ്വീകരിക്കണം. ഇതിനുശേഷം യോഗ്യതയുടെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തേണ്ടത്. ഇത്തരം നടപടികള്‍ ഒന്നും മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ നടക്കുന്നില്ല. തൊഴില്‍രഹിതരായ യുവജനങ്ങളുടെ അവസരങ്ങള്‍ പിന്‍വാതില്‍ നിയമനത്തിലൂടെ നഷ്ടപ്പെടുകയാണ്. പിന്‍വാതില്‍ നിയമന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യൂണിയനില്‍പെട്ട ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കാതെയുള്ള എല്ലാ നിയമനങ്ങളും എത്രയുംവേഗം നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: