സുനില്‍ തളിയല്‍
ആറ്റുകാല്‍: സാനിട്ടറി നാപ്കിന് വാങ്ങുന്നതും ഉപയോഗിച്ചശേഷം അവ നശിപ്പിക്കുന്നതും സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്നമാണ്. ഉപയോഗിച്ച നാപ്കിനുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സംവിധാനമില്ലാത്തത് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കും ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. തിരുവനന്തപുരം നഗരത്തിലെ സ്ത്രീകള്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് സഹിക്കേണ്ടി വരില്ല. നഗരത്തിലെ എല്ലാ സ്കൂള്‍, കോളേജ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നാപ്കിന് വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. അതിന് കാരണക്കാരിയായത് തിരുവനന്തപുരം ആറ്റുകാലില്‍ താമസിക്കുന്ന സുരേഷ് കുമാര്‍-കവിത ദമ്പതികളുടെ മൂത്തമകള്‍ ഐശ്വര്യ എന്ന കൊച്ചു മിടുക്കിയാണ്. ഐശ്വര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്താണ് സ്ത്രീകളുടെ വളരെ നാളായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാക്കിയത്.
ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപിക നല്കിയ പ്രോജക്റ്റാണ് ഇതിനു വഴിയൊരുക്കിയത്. പ്രകൃതിക്ക് ദോഷകരമായ മലനീകരണത്തിന് കാരണവും പരിഹാരവും ആയിരുന്നു പ്രോജക്റ്റ്. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകളുടെ നശീകരണം ആണ് ഐശ്വര്യ ചെയ്തത്. ആറ്റുകാല്‍ ചിന്മയ സ്കൂളില്‍ നാപ്കിന് വെന്റിംഗ് മെഷീനും ഡിസ്ട്രോയറും സ്ഥാപിച്ചത് ഐശ്വര്യയുടെ പ്രോജക്റ്റ് സമര്‍പ്പിച്ചശേഷമായിരുന്നു. ആ പ്രോജക്റ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ഇത് തിരുവനന്തപുരത്തെ സ്ത്രീകളുടെ മാത്രം വിഷയമല്ലെന്നും ഭാരതത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും പ്രശ്നമാണെന്നും അത് കൊണ്ട് ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും തീരുമാനിച്ചു.
മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ലെറ്റര്‍ ടു പ്രൈം മിനിസ്റ്റര്‍ എന്ന സൈറ്റില്‍ കയറി കാര്യങ്ങള്‍ വിവരിച്ച് മെയില്‍ അയച്ചു. കത്ത് പ്രധാനമന്ത്രി കാണുമെന്നോ മറുപടി ലഭിക്കുമെന്നോ യാതൊരു പ്രതീക്ഷയുമില്ലാതെയാണ് കത്തയച്ചതെന്ന് ഐശ്വര്യ പറഞ്ഞു. എന്നാല്‍ ഐശ്വര്യയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മറുപടി ലഭിക്കുകയും എല്ലാ വിവരങ്ങളും നഗരസഭയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ആയിരുന്നു ഉളളടക്കം. പിന്നെ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.
രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഓഫീസറുടെ കത്ത് ഐശ്വര്യയ്ക്ക് ലഭിച്ചു. പ്രധാനമന്ത്രിക്ക് താങ്കള്‍ നല്കിയ അപേക്ഷ പ്രകാരം നഗരസഭ അതിര്‍ത്തിയിലുളള ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നൂറ്റി ഇരുപത് നാപ്കിന് വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞെന്നും മണക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന് സമീപം നാപ്കിന് ഡിസ്ട്രോയര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയിരുന്നു കത്തില്‍.
കൂടാതെ 2021-2022 വര്‍ഷത്തെ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി മറ്റ് ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്ന വിവരവും അറിയിച്ചിട്ടുണ്ട്. താന്‍ അയച്ച കത്ത് പ്രധാനമന്ത്രി പരിഗണിച്ചതിനും അതിന് പരിഹാരം കണ്ടതിനും ഐശ്വര്യ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ഇന്ന് ഐശ്വര്യയുടെ ജന്മദിനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കു നല്കിയ ജന്മദിന സമ്മാനമായാണ് ഐശ്വര്യ ഇതിനെ കാണുന്നത്. പിതാവ് സുരേഷ് കുമാര്‍ തിരുവനന്തപുരം റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: