ന്യൂദല്‍ഹി: ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ സ്വന്തം ഗ്രാമമായ പരൗന്ഖിലെ ഭൂമി തൊട്ട് വന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇവിടെ എത്തിച്ചേര്‍ന്ന രാഷ്ട്രപതിയെ സ്വീകരിക്കാനായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്. ക്രീം നിറത്തിലുള്ള ബന്ധ്ഗലയും കറുത്തഷൂസുകളും ധരിച്ചായിരുന്നു രാംനാഥ് കോവിന്ദ് എത്തിയത്. അദ്ദേഹത്തിന്റെ ഗ്രാമത്തിന് സമീപമുള്ള ഹെലിപാഡില്‍ എത്തിയതിന് പിന്നാലെ ജന്മദേശത്തെ പ്രണമിക്കാനായി, ഭൂമിയില്‍ സ്പര്‍ശിച്ചശേഷം രാംനാഥ് കോവിന്ദ് തന്റെ വിരലുകള്‍ നെറ്റിയില്‍ തൊട്ടു.
‘ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും വാക്സിനേഷന് പ്രചാരണം നടക്കുന്നു. കൊറോണ മഹാമാരിയെ തടയാനുള്ള കവചാണ് വാക്സിനേഷന്. ഇതുകൊണ്ടാണ് നിങ്ങളെല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നത്. ഒപ്പം കുത്തിവയ്പ് എടുക്കാനായി മറ്റുള്ളവരെയും പ്രേരിപ്പിക്കുക’- രാംനാഥ് കോവിന്ദിന്റെ ഗ്രാമത്തിലെ ജന്‍ അഭിനന്ദന് സമാരോഹിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. തന്റെ യാത്രയിലെ ജന്മനാടിന്റെ സംഭാവനയെ പരാമര്‍ശിച്ച് രാഷ്ട്രപതി പറഞ്ഞതിങ്ങനെ:’ ഞാന്‍ എവിടെയായാലും ഗ്രാമത്തിലെ മണ്ണിന്റെ ഗന്ധവും ഗ്രാമവാസികളുടെ ഓര്‍മകളും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്, എന്നെ സംബന്ധിച്ച് പരൗന്‍ഖ് വെറുമൊരു ഗ്രാമമല്ല, എനിക്ക് മുന്പോട്ടുപോകാനും രാജ്യത്തെ സേവിക്കാനും പ്രചോദനം നല്കുന്ന എന്റെ മാതൃഭൂമിയാണ്’.
രാജ്യത്തെ ഏറ്റവും ഉന്നതമായ ഓഫിസിന്റെ ചുമതല നിർവഹിക്കാനുള്ള അവകാശം തന്നെപ്പോലുള്ള സാധാരണക്കാരന് ലഭിക്കുമെന്ന് സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് ചെയ്തു കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഥമ വനിത സവിത ദേവി ഗോവിന്ദും രാഷ്ട്രപതിക്കൊപ്പമുണ്ട്. നേരത്തേ, ദല്‍ഹിയില്‍നിന്ന് പ്രത്യേക ട്രെയിനിലാണ് ഇരുവരും ജന്മദേശമായ കാണ്‍പൂരിലേക്ക് എത്തിയത്. 15 വര്‍ഷത്തിനുശേഷമായിരുന്നു ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്തത്. 2006-ല്‍ എ പി ജെ അബ്ദുള്‍ കലാമായിരുന്നു ഒടുവില്‍ ട്രെയിനില്‍ സഞ്ചരിച്ച രാഷ്ട്രപതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: