കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെയും ജനങ്ങളെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും വഞ്ചിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആവശ്യമായതിന്റെ നാലിരട്ടി ഓക്സിജന്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് രാജ്യ തലസ്ഥാനത്തെ ”കൃത്രിമ ഓക്സിജന്‍ ക്ഷാമ”ത്തെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. ദല്‍ഹിക്ക് പ്രതിദിനം 289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രം മതിയായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 1140 മെട്രിക് ടണ്‍ ആയിരുന്നുവെന്ന് സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്രിവാള് സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി കണ്ടെത്തി. ദല്‍ഹിയില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ആപ്പ് സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിറക്കുകയായിരുന്നു.
ദല്‍ഹി സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ഭൂപീന്ദര്‍ ഭല്ല, മാക്സ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ സന്ദീപ് ബുദ്ധിരാജ, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, കേന്ദ്ര ജലശക്തി മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുബോധ് യാദവ് എന്നിവരുടെ പാനലിനെയാണ് ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ചത്. ഇവരുടെ കണ്ടെത്തല്‍ പ്രകാരം ദല്‍ഹിക്ക് പ്രതിദിനം 284-372 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ നാലിരട്ടി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാല്‍ കൊവിഡ് ഗുരുതരമായിരുന്ന യുപി, ഹരിയാന, രാജസ്ഥാന് അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ സമയത്ത് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതായും പാനല്‍ കണ്ടെത്തി.
നിരന്തരം സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ച് ഓക്സിജന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയ നീക്കമാണ് ദല്‍ഹി സര്‍ക്കാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ദല്‍ഹിക്ക് നല്‍കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഉത്തരവും ഉണ്ടായി. അതായത് ദല്‍ഹിക്ക് ആവശ്യമായതിലും രണ്ടിരട്ടി ഓക്സിജന്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് നല്‍കേണ്ടിവന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടാക്കാനുള്ള കാരണമായി കെജ്രിവാളിന്റെ നടപടി മാറി. കൊവിഡിനെ സമര്‍ത്ഥമായി പ്രതിരോധിച്ച രാജ്യമെന്ന നേട്ടം തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടന്ന വലിയ ഗൂഢാലോചനയാണ് കെജ്രിവാളിന്റെ നടപടികളെന്ന ആക്ഷേപം ശക്തമായി.
പ്രതിദിനം ദല്‍ഹിക്ക് 976 മെട്രിക് ടണ്‍ ഓക്സിജനാണെന്ന് ആവശ്യമെന്ന് മുഖ്യമന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് വെറും 490 മെട്രിക് ടണ്‍ മാത്രമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തമായി മാറിയ ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 305 മെട്രിക് ടണ്‍, 408 മെട്രിക് ടണ്‍, 398 മെട്രിക് ടണ്‍. 431 മെട്രിക് ടണ്‍, 409 മെട്രിക് ടണ്‍, 312 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് ഓക്സിജന്‍ ലഭിച്ചതെന്നും കേജ്രിവാള് പറഞ്ഞു. കേന്ദ്രം നല്കിയ ഓക്സിജന്‍ ആശുപത്രികള്‍ക്ക് ആവശ്യമുള്ളതിലും അധികമായിരുന്നുവെന്നും മിക്ക ആശുപത്രികളിലും ടാങ്കറുകള്‍ എത്തിച്ചപ്പോള്‍75 ശതമാനത്തിലധികം സ്റ്റോക്ക് അവിടെ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്രവാണിജ്യ മന്ത്രിക്ക് അയച്ച കത്തില്‍ പ്രതിദിനം 978 മെട്രിക് ടണ്‍ ഓക്സിജന്‍ ദല്‍ഹിക്ക് ആവശ്യമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതേ സമയം തന്നെ ബംഗാളിലെയും ഒറീസയിലെയും ഓക്സിജന്‍ പ്ലാന്റിലേക്ക് ദല്‍ഹി സര്‍ക്കാര്‍ ടാങ്കര്‍ ലോറികള്‍ അയക്കാത്തതു മൂലം അനുവദിക്കപ്പെട്ട 100 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യാതെ കിടക്കുന്ന വാര്‍ത്തയും പുറത്തുവന്നു. ഓക്സിജന്‍ വേണ്ടി ബഹളം വെച്ച് അന്താരാഷ്ട്ര തലത്തിലും മാധ്യമങ്ങളിലൂടെയും രാജ്യത്തെ നാണംകെടുത്തിയ ദല്‍ഹി സര്‍ക്കാര്‍ പക്ഷേ, കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രതിദിനം 470 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമായിരുന്നു എന്ന വിവരവും പിന്നീട് പുറത്തുവന്നു.
കേന്ദ്രം അനുവദിച്ചത് ആദ്യം 490 മെട്രിക് ടണ്ണും, പിന്നീടത് 590 മെട്രിക് ടണ്ണുമാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദല്‍ഹി 361 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് വിവിധ പ്ലാന്റുകളില്‍ നിന്ന് ഏറ്റെടുത്തത് എന്ന വിവരവും പുറത്തുവന്നു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കാന്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളാണിതൊക്കെ. 12 സംസ്ഥാനങ്ങളാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: