കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒറ്റ, ഇരട്ട അക്കം അടിസ്ഥാനമാക്കിയുള്ള സര്‍വ്വീസ് സ്വകാര്യ ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുള്ള വ്യവസ്ഥയില്‍ ഒരു ബസ്സിന് പ്രതിമാസം കേവലം 12 ദിവസം മാത്രമാണ് സര്‍വ്വീസ് നടത്താന്‍ സാധിക്കുക. ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക് ഡൗണായതിനാല്‍ ഓടാന്‍ സാധ്യമല്ല. ബാക്കി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമാണ് ബസ്സ് സര്‍വ്വീസിന് അനുമതിയുള്ളത്. ഇതില്‍ ഒരു ബസ്സിന് രണ്ടോ മൂന്നോ ദിവസമാണ് ലഭിക്കുക.
വാഹന നികുതിയും ഇന്ധന വിലവര്‍ധനയും സ്പെയര്‍ പാര്‍ട്സുകളുടെ അമിതമായ വിലയും കാരണം പ്രതിസന്ധിയിലായ ബസ്സ് വ്യവസായത്തെ ഇപ്പോഴുള്ള നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബസ്സുകള്‍ കുറഞ്ഞ റൂട്ടുകളില്‍ ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വ്യവസ്ഥ കാരണം ചില ദിവസങ്ങളില്‍ ബസ്സ് സര്‍വ്വീസ് തന്നെ ഇല്ലാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്.
നഗരങ്ങളില്‍ ആവശ്യത്തിന് ബസ്സ് സര്‍വ്വീസുകളുണ്ടെങ്കിലും നാമമാത്രമായ സര്‍വ്വീസുകളുള്ള ഉള്‍പ്രദേശങ്ങളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ബസ്സ് സര്‍വ്വീസ് മുടങ്ങാനും നിലവിലുള്ള വ്യവസ്ഥ കാരണമാകുന്നുണ്ട്. ലോക്ക് ഡൗണില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തി വെച്ചതിനാല്‍ ഭൂരിഭാഗം ബസ്സുകള്‍ക്കും ഓടാന്‍ സാധിക്കാത്ത അവസ്ഥയാണ്. അറ്റക്കുറ്റപ്പണി നടത്തി ഇന്‍ഷൂറന്‍സ് അടച്ച് സര്‍വ്വീസ് പുനരാരംഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ലക്ഷത്തിലേറെ രൂപ വേണം.
കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണിന് മുമ്പ് തന്നെ ബസ്സ് സര്‍വ്വീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബസ്സുകളില്‍ സീറ്റിങ്ങ് കപ്പാസിറ്റിയില്‍ മാത്രമെ യാത്രക്കാരെ കയറ്റാവു എന്ന വ്യവസ്ഥ വന്നതോടെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണിന് ശേഷം ബസ്സ് വ്യവസായം മെച്ചപ്പെട്ടു വരുന്നതിനിടെയായിരുന്നു രണ്ടാം തരംഗവും ലോക്ക് ഡൗണുമുണ്ടായത്.
ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ച് ചില ബസുകള്‍ സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറായെങ്കിലും നമ്പര്‍ വ്യവസ്ഥ തിരിച്ചടിയായി. ഇപ്പോള്‍ വളരെ കുറവ് ബസ്സുകള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിനെയും ബാധിക്കുന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥകള്‍. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരില്‍ നിന്ന് ചില ആനുകൂല്യം പ്രതീക്ഷിച്ചെങ്കിലും അതൊന്നുമുണ്ടായില്ലെന്ന് ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്കുമാര് കരുവാരത്ത് പറഞ്ഞു. ഒരു ദിവസത്തെ വരുമാനം ഇന്ധനത്തിനും കൂലിക്കും പോലും മതിയാവുന്നില്ല. ചില ദിവസം ഡീസലടിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല.
ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയായി കുറക്കണമെന്നും ഡീസലിന് സബ്സിഡി നല്‍കണമെന്നും നികുതി ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുമുണ്ടായില്ല. നിര്‍ത്തിയിട്ട ബസ്സുകള്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ ഒന്നര ലക്ഷത്തോളം വേണ്ടി വരും. ആവശ്യമായവര്‍ക്ക് ഈ തുക പലിശരഹിത വായ്പയായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: