ന്യൂദല്‍ഹി: രാജ്യത്ത് പുതുതായി നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെല്ലാം ജനജീവിതം കൂടുതല്‍ ലളിതവല്ക്കരിക്കാന് ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും പരിഷ്ക്കാരങ്ങളും നടപ്പാക്കുന്നതെന്നും ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമിലെഴുതിയ ബ്ലോഗില്‍ മോദി കുറിച്ചു.
പരിഷ്കാരങ്ങള്‍, കേന്ദ്ര-സംസ്ഥാന പങ്കാളിത്തം, കൊവിഡ് കാലഘട്ടത്തിലെ നൂതന നയരൂപീകരണം എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ ബ്ലോഗ്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ചൈതന്യവത്തായ വീര്യമുള്ള നൂതന നയരൂപീകരണമാണ് ലക്ഷ്യമെന്ന് ലേഖനത്തിന്റെ ലിങ്ക് പോസ്റ്റ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:
വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കുന്നതിന്റെ വേഗത സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മോദി കുറിച്ചു. ആധാറുമായി ബന്ധിപ്പിച്ച റേഷന്‍ കാര്‍ഡുകള്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരും. കുടിയേറ്റ തൊഴിലാളികള്‍ക്കടക്കം രാജ്യത്തെവിടെ നിന്നും അവരുടെ റേഷന്‍ ധാന്യങ്ങള്‍ വാങ്ങാനും സാധിക്കും. 17 സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
ബിസിനസ് നടത്തിപ്പ് ലളിതമാക്കാന്‍ ഏഴു നിയമങ്ങള്‍ക്ക് കീഴിലുള്ളവയെ ഓട്ടോമാറ്റിക്കും ഓണ്‍ലൈനും ആക്കിയിട്ടുണ്ട്. 20 സംസ്ഥാനങ്ങള്‍ ഈ ഏകജാലക സംവിധാനം നടപ്പാക്കി. സ്റ്റാമ്പ് ഡ്യൂട്ടി, വസ്തു നികുതി, വെള്ളക്കരം എന്നിവ പുനര്‍നിശ്ചയിക്കുന്ന പ്രക്രിയയും വിവിധ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുകയാണ്.
കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്കുന്ന പദ്ധതി സബ്സിഡി തുക നേരിട്ട് നല്കുന്ന രീതിയിലേക്ക് മാറ്റുന്ന നടപടികളും നടക്കുകയാണ്. സബ്കാ സാഥ് സബ്കാ വികാസ്, സബ്ക് വിശ്വാസ് എന്ന മുദ്രാവാക്യത്തില്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണം മുന്നോട്ട് പോകുന്നത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ വികസനത്തിനായി നമുക്കൊരുമിച്ച് പ്രയത്നിക്കാമെന്നും പ്രധാനമന്ത്രി മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: